‘തവളക്കുട്ടി അവന്‍ ചെല്ലക്കുട്ടി ഇന്ന് അവനോ നമ്മുടെ തങ്കുക്കുട്ടി’; കിടിലന്‍ താളത്തില്‍ തങ്കച്ചന്റെ പുതിയ പാട്ട്

May 24, 2021
Thankachan Vithura's new song in Flowers Star Magic

മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടാണ് ‘ മറിയേടമ്മേടെ ആട്ടിന്‍കുട്ടി മണിയന്റമ്മേടെ സോപ്പു പെട്ടി’… തങ്കച്ചന്‍ വിതുര ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരിലേക്കെത്തിച്ച ഗാനം സൈബര്‍ ഇടങ്ങളില്‍ പോലും ഹിറ്റ്‌ലിസ്റ്റില്‍ ഇടം പിടിച്ചു. ഇപ്പോഴിതാ മറ്റൊരു തകര്‍പ്പന്‍ ഗാനവുമായി വീണ്ടും കൈയടി നേടുകയാണ് തങ്കച്ചന്‍ വിതുര.

‘തങ്കപ്പന്‍ തലകൊട്ടി ചന്തക്ക് ചെന്നപ്പോ തങ്കമ്മ പെറ്റൊരു തവളക്കുട്ടി…’ എന്നു തുടങ്ങുന്ന രസകരമായ പാട്ടാണ് തങ്കച്ചന്‍ സ്റ്റാര്‍ മാജിക്കില്‍ ആലപിച്ചത്. വരികളിലെ ഹാസ്യാത്മകതയും താളത്തിന്റെ മേന്മയുമെല്ലാം ഈ പാട്ടിനേയും ഹിറ്റാക്കുന്നു. ആര്‍ക്കും ഏറ്റുപാടാന്‍ പാകത്തിനുള്ളതാണ് തങ്കച്ചന്റെ തവളക്കുട്ടി പാട്ട്.

അതേസമയം സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് തികച്ചും വേറിട്ട ആസ്വാദനമാണ്. സ്റ്റാര്‍ മാജിക് പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. തങ്കച്ചന്‍ വിതുര എന്ന താരത്തെ പ്രേക്ഷകര്‍ ഏറെ സ്നേഹത്തോടെ തങ്കു എന്നാണ് വിളിക്കുന്നത്. ഫ്‌ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നതും.

Read more: സ്റ്റാര്‍ മാജിക് വേദിയില്‍ വിരിഞ്ഞ നവരസങ്ങള്‍ക്കും മേലെയുള്ള ചില രസികന്‍ രസഭാവങ്ങള്‍

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. 1995-96 കാലഘട്ടങ്ങളില്‍ അമ്മാവന്റെ മകനൊപ്പം ചേര്‍ന്ന് തങ്കച്ചന്‍ ‘ന്യൂ സ്റ്റാര്‍ ഓര്‍ക്കസ്ട്ര’ എന്ന ഒരു ട്രൂപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഏറെ നാള്‍ ഉണ്ടായിരുന്നില്ല ഈ ട്രൂപ്പ്.

പിന്നീട് തിരുവനന്തപുരത്തെ മറ്റ് സമതികളുടെ ഭാഗമായി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു.

‘മെമ്മറീസ്’, ‘ലൈഫ് ഓഫ് ജോസുകുട്ടി’, ‘ദൃശ്യം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘പരോള്‍’ തുടങ്ങിയ സിനിമകളില്‍ തങ്കച്ചന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി. എന്തായാലും ഫ്‌ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന്‍ രസകരങ്ങളായ പാട്ടുകളിലൂടേയും പ്രേക്ഷകരുടെ സ്റ്റാറായി മാറിയിരിക്കുകയാണ്.

Story highlights: Thankachan Vithura’s new song in Flowers Star Magic