രാജ്യത്തിന് ആശ്വാസം; പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു, 24 മണിക്കൂറിനിടെ 80,843 കേസുകൾ

June 13, 2021
new Covid cases

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത്‌ രാജ്യത്തിന് മുഴുവൻ ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 80,843 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 71 ദിവസങ്ങൾക്കിടയിലെ ഏറ്റവും താഴ്ന്ന പ്രതിദിന കണക്കാണിത്.

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. 24 മണിക്കൂറിനിടെ രോഗമുക്തരായത് 1,32,062 പേരാണ്. 3303 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,94,39,989 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 2,80,43,446 ആയി ഉയർന്നിട്ടുണ്ട്. ആകെ മരണം 3,70,384 ആണ്. നിലവിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 10,26,159 പേരാണ്.

Read also:അതിശയിപ്പിച്ച് ആധവ്; ഹൂലാഹൂപ്പിങ് നടത്തി റെക്കോർഡിലേക്ക് ഓടിക്കയറിയ കൊച്ചുമിടുക്കൻ

കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കണക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,832 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,000 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,13,897 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,103 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

Story highlights; 80,843 covid cases reported in india