‘ഇത്തവണ എന്തൊക്കെ സംഭവിച്ചാലും സ്‌ട്രെസ് എടുക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു’- ഗർഭകാല യോഗയുടെ പ്രാധാന്യം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

June 21, 2021

അവതാരകയായി എത്തി അഭിനേത്രിയിലേക്ക് ചുവടുവെച്ച താരമാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ ആശ എന്ന കഥാപാത്രമായി അശ്വതി ശ്രീകാന്ത് മലയാളി മനസുകളിൽ ഇടംപിടിച്ചു. ആശയും ഉത്തമനും മക്കളുമൊക്കെയായി ചക്കപ്പഴം പ്രേക്ഷകരുടെ ഇഷ്ടവും നേടി. ആശയായി അശ്വതിയെ പ്രേക്ഷകർ ഏറ്റെടുത്തപ്പോഴാണ് ഗർഭിണിയാണെന്ന സന്തോഷം താരം പങ്കുവെച്ചത്. ഇപ്പോഴിതാ, അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഗർഭകാലത്തെ യോഗയുടെ പ്രാധാന്യം പങ്കുവയ്ക്കുകയാണ് അശ്വതി ശ്രീകാന്ത്.

അശ്വതി ശ്രീകാന്തിന്റെ വാക്കുകൾ;

പത്മയെ ഗർഭിണിയായിരുന്ന കാലം മുഴുവൻ പലതരത്തിലുള്ള മാനസിക സമ്മർദങ്ങൾ അനുഭവിച്ചിട്ടുണ്ട് ഞാൻ. ഉള്ളതും ഇല്ലാത്തതുമായ പല പ്രശ്നങ്ങളുടെയും പേരിൽ അനാവശ്യമായ സ്ട്രെസ് എടുത്തും പ്രെഗ്നൻസി ഹോർമോൺസ് സമ്മാനിച്ച മൂഡ് സ്വിങ്സിൽ ആടിയുലഞ്ഞും ഒക്കെയാണ് ആ കാലം കടന്നു പോയത്. പോസ്റ്റ്പാർട്ടം കാലം പിന്നെ പറയുകയേ വേണ്ട.. അതുകൊണ്ട് തന്നെ ഇത്തവണ എന്തൊക്കെ സംഭവിച്ചാലും സ്‌ട്രെസ് എടുക്കില്ല എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. അപ്പോൾ ദാ വരുന്നു കൊവിഡ് രണ്ടാം തരംഗം, ലോക്ക്ഡൗൺ, അതിനിടയിൽ അവിചാരിതമായി ഒരു ഫ്ലാറ്റ് ഷിഫ്റ്റിംഗ്, ഭർത്താവ് മറ്റൊരു രാജ്യത്ത്, അച്ഛനും അമ്മയും ആരും അടുത്തില്ല…ഞാനും മോളും മാത്രം! പക്ഷേ എന്തുവന്നാലും മനസ്സും ശരീരവും സ്റ്റേബിൾ ആയിരിക്കണം എന്ന തീരുമാനമാണ് പ്രീ നേറ്റൽ യോഗയിൽ കൊണ്ടെത്തിച്ചത്. 

എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ യോഗയുടെയും ധ്യാനത്തിന്റെയും അതിശയകരമായ ലോകത്തെ പരിചയപ്പെടുത്തിയതിന് എന്റെ ഗുരു ജയേഷ് നമ്പ്യാർക്ക് ഒരു വലിയ നന്ദി. ഈ ദിവസങ്ങളിൽ എന്റെ ശരീരത്തെയും ആത്മാവിനെയും സന്തോഷത്തോടെയും ഊർജ്ജസ്വലവുമായി നിലനിർത്തുന്നതിന് യോഗ സഹായിക്കുന്നു.നിങ്ങളുടെ ശരീരം ഡെലിവറിക്ക് തയ്യാറെടുക്കുമ്പോൾ പ്രത്യേകിച്ച് മൂന്നാം മാസത്തിൽ പേശികളെ ശക്തിപ്പെടുത്തുന്നതിന് പ്രസവാനന്തര യോഗ ഗുണം ചെയ്യും. ഇതിന് നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്താനും കഴിയും.

Read More: ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കണ്ടെത്താത്ത രഹസ്യങ്ങളും- ഭീതിനിറച്ച് ‘കോൾഡ് കേസ്’ ട്രെയ്‌ലർ

യോഗ ചെയ്യുന്ന ചിത്രങ്ങൾക്കൊപ്പമാണ് അശ്വതി ശ്രീകാന്ത് വിശദമായ കുറിപ്പ് പങ്കുവയ്ക്കുന്നത്. മികച്ച അവതരണ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം സ്നേഹം നേടിയ ആളാണ് അശ്വതി ശ്രീകാന്ത്. വളരെ രസകരമായ സംസാര ശൈലിയിലൂടെ ആളുകളെ കയ്യിലെടുക്കുന്ന അശ്വതി സമൂഹമാധ്യമങ്ങളിലും സജീവമാണ്.

Story highlights- aswathy sreekanth about prenatal yoga