ജഗമേ തന്തിരത്തിന് പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ധനുഷ്

190 രാജ്യങ്ങളിൽ പതിനേഴ് ഭാഷകളിലായി റിലീസ് ചെയ്ത് ചിത്രമാണ് ധനുഷ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ജഗമേ തന്തിരം. സിനിമ ആസ്വാദകർക്കിടയിൽ നിന്നും മികച്ച സ്വീകാര്യത നേടികൊണ്ടിരിക്കുന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ധനുഷ്. ധനുഷിന്റെ നാല്പത്തൊന്നാമത്തെ ചിത്രം കന്നട സംവിധായകനായ ശേഖര്‍ കമ്മൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ ധനുഷ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘താന്‍ ആരാധിക്കുന്ന സംവിധായകനൊപ്പം വർക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും’ ധനുഷ് കുറിച്ചു. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാകും ചിത്രം ഒരുങ്ങുക. ശ്രീ വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

അതേസമയം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തിയ ജഗമേ തന്തിരത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ധനുഷിന് ഒപ്പം ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഹോളിവുഡ് താരം ജെയിംസ് കോമോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ എതിരാളിയായാണ് ഹോളിവുഡ് താരം എത്തുന്നത്.

Story Highlights; dhanush team up with sekhar kammula