കുവി വീണ്ടും ഇടുക്കിയിലെ ശ്വാനസേനയിലെ പരിശീലകനരികിലേക്ക്; ഉള്ളു തൊടും ഈ വാക്കുകള്‍

June 25, 2021
Heart touching words about Kuvi

കുവി എന്ന പേര് പലര്‍ക്കും പരിചിതമാണ്. 2020-ല്‍ പെട്ടിമുടി ഉരുള്‍പ്പൊട്ടലിന് ശേഷം കേരളാ പൊലീസ് ഏറ്റെടുത്ത ഈ നായയെ എങ്ങനെ മറക്കാനാകും. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കുവിയെ ഉടമയുടെ ബന്ധുവായ പളനിയമ്മാള്‍ക്ക് കൈമാറിയത്. എന്നാല്‍ വീണ്ടും ഇടുക്കി ശ്വാനസേനയിലെ പരിശീലകന് അരികിലെത്തിയിരിക്കുകയാണ് കുവി. കുവിയെക്കുറിച്ച് സിവില്‍ പൊലീസ് ഓഫീസറായ രഘു പി എസ് പങ്കുവെച്ച കുറിപ്പ് ഹൃദയംതൊടുന്നു.

കുറിപ്പ് ഇങ്ങനെ

കുവി…. അവള്‍ മനസ്സില്‍ ഇപ്പോഴും ഒരു നൊമ്പരമായി, കണ്ണീര്‍ തുള്ളിയായി തുടരുകയാണ്, മാസങ്ങള്‍ക്ക് മുമ്പ് പളനിയമ്മാള്‍ ആവശ്യപ്പെട്ടത് പ്രകാരം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് കുവിയെ തിരിച്ച് നല്‍കിയിരുന്നു. അവളെ പൊന്നുമോളെപ്പോലെ നോക്കിയിരുന്ന പൊലീസുകാരന്‍ അജിത്ത് മാധവന്റെ സങ്കടം കണ്ട് ഞാന്‍ അജിത്തിനെയും കൂട്ടി തൊട്ടടുത്ത ദിവസം തന്നെ കുവിയെ കാണാന്‍ പോയിരുന്നു. ആ വിട്ടിലെ സാഹചര്യങ്ങളും പളനിയമ്മയുടെ വിഷമങ്ങളും കണ്ട് കണ്ണ് നിറഞ്ഞ് ഞങ്ങള്‍ മടങ്ങി, അവള്‍ക്കുള്ള രണ്ട് മാസത്തെ Dog Food ഉം ഞാന്‍ കൊണ്ടുപോയിരുന്നു, അവളുടെ സംരക്ഷണത്തിന് മാസം തോറും ചെറിയൊരു തുകയും നല്‍കാമെന്ന് പറഞ്ഞിരുന്നു.

വിഷമത്തോടെ കുവിയെ പിരിഞ്ഞിറങ്ങുമ്പോള്‍ തൊട്ടടുത്ത ക്ഷേത്രത്തില്‍ ഞങ്ങള്‍ കൈകൂപ്പി തൊഴുതു അവള്‍ക്ക് നല്ലത് വരണെയെന്ന് പ്രാര്‍ത്ഥിച്ചു, അവളെ അജിത്തിന് തിരികെ ലഭിച്ചിരുന്നെങ്കില്‍ എന്ന്…. പ്രാര്‍ത്ഥിച്ചെങ്കിലും കുടുംബത്തിലെ പന്ത്രണ്ട് പേര് നഷ്ട്ടപ്പെട്ട പളനിയമ്മയുടെ മുഖം മനസിലോടിയെത്തി. എല്ലാം ദൈവത്തിന് വിട്ടു.

കഴിഞ്ഞ ദിവസമാണ് പളനിയമ്മയുടെ മകന്റെ കോള്‍ വന്നത് അജിത്ത് പറഞ്ഞത്, അവള്‍ അസ്വസ്തയാണ്, ഭക്ഷണം കഴിക്കുന്നില്ല, അവര്‍ അജിത്തിന് തിരികെ നല്‍കാന്‍ ആഗ്രഹിക്കുന്നു. ഒട്ടും വൈകിയില്ല ഞാനും അജിത്തും മുന്നാറിന് പുറപ്പെട്ടു. അവിടെ ചെന്നപ്പോള്‍ കുവിമോള്‍ ഗര്‍ഭിണിയാണ്. മനസില്‍ സന്തോഷമാണ് തോന്നിയത്. കാരണം സ്‌നേഹവും ആത്മാര്‍ത്ഥതയും പ്രകടിപ്പിക്കുന്ന അവള്‍ക്ക് അതേ രക്തത്തില്‍ പിന്‍മുറക്കാരുണ്ടാകുമെന്നത് സന്തോഷം തന്നെ. ഞാന്‍ അജിത്തിനോട് പറഞ്ഞു ഇവളുടെ മക്കള്‍ക്കായി കേരളം കൊതിയോടെ കൈ നീട്ടും.

എന്റെ നിര്‍ദ്ദേശപ്രകാരം നിയമപരമായി തന്നെ രേഖാമുലം കൂവിയുടെ ഉടമാസ്ഥാവകാശം അജിത്ത് ഏറ്റെടുത്തു, അതില്‍ ഒരു സാക്ഷിയായി ഒപ്പിടുമ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ധനുഷ്‌ക്ക മോളുടെ മൃതദേഹം കണ്ട് തളര്‍ന്ന് വീണ കൂവി, ഇന്നലെ തന്റെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗവും കണ്ണ് നനയിക്കുന്നതായിരുന്നു. അജിത്തിനോട് ചേര്‍ന്ന് പളനിയമ്മാളിന്റെയും മകന്റെയും മുഖത്തേക്ക് അവള്‍ നോക്കിയ നോട്ടം അവരുടെ തലോടല്‍…. നെഞ്ച് ഇപ്പഴും ഇടറുന്നു, കണ്ണ് ഇപ്പഴും നിറയുന്നു, അവള്‍ മിണ്ടാപ്രാണിയല്ലെ ആ മനസ്സിലെ നീറുന്ന സങ്കടങ്ങള്‍…. അതിനൊരു പരിഹാരമായിരിക്കും അജിത്തിന്റെ സ്‌നേഹം.

മടങ്ങുമ്പോള്‍ ഞങ്ങള്‍ അന്ന് പ്രാര്‍ത്ഥിച്ച ക്ഷേത്രത്തില്‍ കുവിയുമായി പോയി വീണ്ടും പ്രാര്‍ത്ഥിച്ചു, പ്രസാദം അവളുടെ നെറ്റിയില്‍ പ്രാര്‍ത്ഥനയോടെ ഞാന്‍ തൊടുവിച്ചു. മടങ്ങുമ്പോള്‍ പളനിയമ്മാളിന്റെ നെറ്റിയില്‍ ചുംബിച്ച് ഒരു വാക്കും നല്‍കി, കുവിയെ കാണണമെന്ന് മനസ്സ് കൊതിക്കുമ്പോള്‍ ഒരു വിളി മാത്രം മതിയെന്ന്, അവളുമായി എത്തുമെന്ന്.

മനുഷ്യരെയും മൃഗങ്ങളെയും പ്രകൃതിയെയും ഒരു പോലെ സ്‌നേഹിക്കുന്ന ഒരാളാണ് മുന്നാര്‍ DySP സുരേഷ് സര്‍’ ഞാന്‍ ഏറെ ബഹുമാനിക്കുന്ന പോലിസിലെ വ്യക്തിത്വം… അദ്ദേഹത്തെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു, കുവിയുമായി ഞങ്ങള്‍ മടങ്ങി… ആദ്യം എന്റെ വീട്ടില്‍ വന്നു… കുറച്ച് വിശ്രമിച്ച ശേഷം അവളും അജിത്തും മടങ്ങുമ്പോള്‍ എന്റെ മനസ്സിലും ഒരു വിങ്ങല്‍.. ദൈവത്തോടെരു ചോദ്യം ഈ സ്‌നേഹം എന്ന വികാരം അങ്ങ് എങ്ങനെയാണ് സൃഷ്ട്ടിച്ചത്… ഈ മഹാ പ്രപഞ്ചത്തോളം വലുപ്പത്തില്‍ സൃഷ്ട്ടിച്ചത്….

Story highlights: Heart touching words about Kuvi