മുംബൈയിലെ തെരുവിൽ നിന്നും ഫാഷൻ ലോകത്തേക്ക്; അറിയാം മലീഷാ എന്ന കൊച്ചുമിടുക്കിയെ…
ഒരു നിമിഷം മതി ജീവിതം മാറിമറിയാൻ…ചിലരെങ്കിലും ഇങ്ങനെ പറഞ്ഞ് നാം കേൾക്കാറില്ലേ. എങ്കിൽ അങ്ങനെ ഒരാളാണ് മുംബൈ ചേരിയിൽ നിന്നും മോഡലിങ്ങിലൂടെ വിജയം കൈവരിച്ച മലീഷാ ഖാർവ എന്ന പെൺകുട്ടി. തികച്ചും ആകസ്മികമായാണ് മലീഷാ ഖാർവ എന്ന 13 കാരി മോഡലിങ്ങിലേക്ക് എത്തുന്നത്.
മുംബൈയിലെ ഒരു ചേരിയിൽ ഒരു കുടിലിലാണ് മലീഷയും കുടുംബവും താമസിക്കുന്നത്. തുണിയും മുളയും ഉപയോഗിച്ച് കെട്ടിമറച്ച വീട്ടിൽ അച്ഛനും സഹോദരനുമൊപ്പമാണ് മലീഷ ജീവിക്കുന്നത്. സാമ്പത്തീകമായി പിന്നോക്കം നിന്നിരുന്ന ഈ കുടുംബം ഭക്ഷണത്തിന് പോലും വളരെയധികം കഷ്ടപ്പെട്ട ദിനങ്ങളിലൂടെയാണ് കടന്നുപോയികൊണ്ടിരുന്നത്. തങ്ങളുടെ ഇല്ലായ്മക്കിടയിലും മക്കളെ പഠിപ്പിച്ച് ഉയർന്ന നിലയിൽ ആക്കണമെന്ന ആഗ്രഹം മലീഷയുടെ പിതാവിന് നിർബന്ധമായിരുന്നു.
കുട്ടികളെ പഠിപ്പിക്കുന്നതിനായി പല ഇടങ്ങളിൽ അദ്ദേഹം ജോലി ചെയ്തു. പാർട്ടികളിലും മറ്റും കോമാളിയായി വേഷംകെട്ടാനും അദ്ദേഹം പോകുമായിരുന്നു. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും ഒരു മോഡലാവണം എന്നായിരുന്നു മലീഷാ ഖാർവയുടെ ആഗ്രഹം. ബാല്യത്തിൽ ഒരിക്കൽ പ്രിയങ്ക ചോപ്രയുടെ വിഡിയോ കണ്ടതാണ് മലീഷയിൽ ഈ ആഗ്രഹം ജനിക്കാൻ കാരണം…
Read also:ഒരേ സ്ഥലത്തിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ; പിന്നിൽ പ്രകൃതി സ്നേഹിയായ ഒരാൾ…
ഒരിക്കൽ മുംബൈയിലെ തെരുവിൽ വെച്ച് ഹോളിവുഡ് താരം റോബർട്ട് ഹോഫ്മാനെ കാണാനിടയായതാണ് മലീഷയുടെ ജീവിതത്തിൽ നാഴികക്കല്ലായി മാറിയത്. ചേരി പ്രദേശത്ത് നിന്നും ഒരു മ്യൂസിക് വീഡിയോ തയാറാക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. അതിനിടെയിലാണ് അവിചാരിതമായി മലീഷയെ കാണുന്നതും അവളുടെ ആഗ്രഹത്തെക്കുറിച്ച് കേൾക്കുന്നതും. തുടർന്ന് അവൾക്ക് ഒരു മൊബൈൽ ഫോണും ഒരു ഇൻസ്റ്റഗ്രാം പേജും അദ്ദേഹം തയാറാക്കി നൽകി.
അങ്ങനെ അവളുടെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതോടെ നിരവധിപ്പേർ ഈ കുഞ്ഞുസുന്ദരിയെത്തേടിയെത്തി. പതിമൂന്നാം വയസിൽ പീകോക്ക് മാസികയുടെ കവർ ചിത്രത്തിലും മലീഷ പ്രത്യക്ഷപ്പെട്ടു. ഇന്ന് മലീഷയ്ക്ക് 1,32,000 ഓളം ഫോളോവേഴ്സ് ഉണ്ട് ഇൻസ്റ്റഗ്രാമിൽ.
Story highlights: Life story of thirteen year old girl