ഒടിടി റിലീസിനൊരുങ്ങി ഫഹദ് ഫാസിൽ, പൃഥ്വിരാജ് ചിത്രങ്ങൾ…

June 9, 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ തിയേറ്റർ ഉൾപ്പെടെ അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. ഇപ്പോഴിതാ ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്, പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോൾഡ് കേസ് തുടങ്ങിയ ചിത്രങ്ങളും ഒടിടി റിലീസിനൊരുങ്ങുകയാണ്. നിർമാതാവ് ആന്റോ ജോസഫാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’. ചിത്രത്തിൽ എസിപി സത്യജിത് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also:ഈ വർഷത്തെ മികച്ച ചിത്രം: ജെസിബിയുടെ കൈയിൽ ഇരുന്ന് നദിയിലൂടെ യാത്ര ചെയ്യുന്ന ആരോഗ്യപ്രവർത്തകർ

അതേസമയം ഒന്നര വർഷത്തോളമായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനാകുന്ന മാലിക്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. ജോജു ജോര്‍ജ്, നിമിഷ സജയൻ, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം.

Story Highlights:malik and cold case to be released in ott