‘ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന് ഇന്നലെയും ആലോചിച്ചു’- മഞ്ജു വാര്യർ
ഇതിഹാസ ചലച്ചിത്രകാരൻ എ കെ ലോഹിതദാസിന്റെ ഓർമ്മദിനമാണ് ജൂൺ 28. ഒട്ടേറെ മനോഹരമായ ചിത്രങ്ങളും കലാകാരന്മാരെയും ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ചു. 12 വർഷങ്ങൾ പിന്നിടുകയാണ് ലോഹിതദാസ് വിടപറഞ്ഞിട്ട്. അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് നിരവധി താരങ്ങൾ രംഗത്ത് എത്തിയിരുന്നു. നടി മഞ്ജു വാര്യരുടെ കരിയറിൽ ലോഹിതദാസ് വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾ കുറിക്കുകയാണ് മഞ്ജു വാര്യർ.
‘ഇന്നലെയും ആലോചിച്ചു… ലോഹിസാർ ഉണ്ടായിരുന്നുവെങ്കിൽ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോൾ ഇങ്ങനെയായിരിക്കാം പറയുക…’ഇപ്പോഴാണ് നമ്മൾ അക്ഷരാർഥത്തിൽ ‘അണു’കുടുംബങ്ങളായത് ‘! ഉറപ്പാണ്, കഥകൾക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിൻ്റെ അന്വേഷണം. മനുഷ്യർ ‘തനിയാവർത്തന’ത്തിലെ ബാലൻ മാഷിനെപ്പോലെ വീട്ടിനുള്ളിൽ തളച്ചിടപ്പെട്ട നാളുകളിൽ തനിക്ക് മാത്രം സാധ്യമാകുന്ന സർഗാത്മക വൈഭവത്തോടെ ലോഹിസാർ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ..തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങൾ തീർക്കുന്ന, കരിങ്കല്ലുപോലൊരു കാലത്തിൽ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോൾ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിൻ്റെ ഓർമകൾക്ക് പ്രണാമം.’.
Read More: ‘അടി വേണോ കുട്ടിക്ക്?’; മേഘ്‌ന ടീച്ചറുടെ വിദ്യാർത്ഥികളായി ജഡ്ജസ്- ചിരി വിഡിയോ
‘തനിയാവർത്തനം’ മുതൽ ‘നിവേദ്യം’ വരെ നാൽപ്പതിലേറെ സിനിമകളൊരുക്കിയ കലാകാരനാണ് ലോഹിതദാസ്. സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിർമാതാവ് എന്നീ നിലകളിലെല്ലാം ലോഹിതദാസ് തിളങ്ങിയിരുന്നു. 1987–ൽ സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് ലോഹിതദാസ് സിനിമാ രംഗത്തേക്ക് എത്തിയത്.
Story highlights- manju warrier about lohithadas