ഒറ്റനോട്ടത്തിൽ ബുക്ക് ഷെൽഫ്; ‘സൂക്ഷിച്ച് നോക്കെടാ ഉണ്ണീ..’ എന്ന് മഞ്ജു വാര്യർ

മലയാളികൾക്ക് എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മഞ്ജു വാര്യർ. നർത്തകിയിൽ നിന്നും നായികയിലേക്കും പിന്നീട് ഗായികയിലേക്കും ചേക്കേറിയ മഞ്ജു വാര്യർ വിവാഹശേഷമുള്ള നീണ്ട ഇടവേള കഴിഞ്ഞു വന്നപ്പോഴും മഞ്ജുവിനെ മലയാളികൾ അങ്ങേയറ്റം സ്നേഹത്തോടെ വരവേറ്റു. ഇപ്പോഴിതാ, മറ്റൊരു കഴിവുകൂടി പങ്കുവയ്ക്കുകയാണ് നടി.
ചിത്രരചനയിലും മിടുക്കിയാണ് എന്നാണ് പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നടി തെളിയിച്ചിരിക്കുന്നത്. വായനാദിനത്തോട് അനുബന്ധിച്ച് മഞ്ജു വാര്യർ പങ്കുവെച്ച ചിത്രം പിന്നീടാണ് കൗതുകമുള്ള ഒന്നായി മാറിയത്. ഈ വായനാദിനത്തിൽ ലൈബ്രറിയിൽ പോകാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യും, ഒരു ലൈബ്രറി സ്വയം പെയിന്റ് ചെയ്യും എന്നാണ് നടി ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യർ പങ്കുവെച്ച ചിത്രത്തിൽ നടിയുടെ പശ്ചാത്തലത്തിൽ ഒരു ലൈബ്രറിയുമുണ്ട്. എന്നാൽ അത് യാഥാർത്ഥമല്ല എന്ന് പിന്നീടാണ് ആളുകൾക്ക് മനസിലായത്.
ഒരു റാക്കിൽ പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നതുപോലെ മഞ്ജു വാര്യർ കാൻവാസിൽ ചിത്രം വരച്ചിരിക്കുകയാണ്. നിരവധി ആളുകളാണ് നടിയുടെ ഈ അറിയപ്പെടാത്ത കഴിവിന് കൈയടി നൽകുന്നത്. ‘നിങ്ങൾക്ക് ചെയ്യാനറിയാത്ത എന്തെങ്കിലും ഉണ്ടോ’ എന്നാണ് റിമ കല്ലിങ്കൽ കമന്റ്റ് ചെയ്തിരിക്കുന്നത്. ചക്ക വീണ് മുയൽ ചത്തതാണ് എന്നാണ് മഞ്ജു വാര്യർ ഈ കമന്റിന് മറുപടി നൽകിയിരിക്കുന്നത്.
Story highlights- manju warrier’s drawing skills