‘ചിത്രാജീക്കൊപ്പം പാടാന്‍ സാധിച്ചത് ജീവിതത്തിലെ നാഴികക്കല്ലാണ്’: ബോളിവുഡ് ഗായകന്‍
വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ സംഗീത മാധുര്യം സമ്മാനിക്കുന്ന ഗായികയാണ് കെ എസ് ചിത്ര. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും കെ എസ് ചിത്രയുടെ ഗാനങ്ങള്‍ ശ്രദ്ധേയമായിട്ടുണ്ട്. ചിത്രയ്‌ക്കൊപ്പം ആദ്യമായി ഗാനം ആലപിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്കിന്റെ വാക്കുകളും ശ്രദ്ധ നേടുന്നു.
കരിയറിലെ നാഴികക്കല്ല് എന്നാണ് ആ അവസരത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. പരിപൂര്‍ണമായ ഐതിഹാസിക ഗായികയാണ് ചിത്ര എന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എന്നും എപ്പോഴും ഭയഭക്തിയോടെ ആ നിഷ്‌കളങ്കമായ ആലാപനം കേള്‍ക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ മേരി പുക്കര്‍ സുനോ എന്ന സംഗീതാവിഷ്‌കാരത്തിലാണ് കെ എസ് ചിത്രയ്‌ക്കൊപ്പം അര്‍മാന്‍ മാലിക്കും ഗാനം ആലപിച്ചത്. ഇന്ത്യയിലെ പ്രശസ്തരായ ഏഴ് ഗായകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരുക്കിയതാണ് മേരി പുക്കര്‍ സുനോ. ശ്രേയ ഘോഷാല്‍, അല്‍ക്ക യാഗ്നിക്, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അസീസ് കൗര്‍ എന്നിവരും ഈ പാട്ടില്‍ ചേര്‍ന്നിരിക്കുന്നു. പ്രത്യേശയുടേയും അതിജീവനത്തിന്റേയും ഗീതമായാണ് മേരി പുക്കര്‍ സുനോ വിശേഷിപ്പിക്കപ്പെടുന്നത്.
Story highlights: Meri Pukaar Suno Bollywood singer Armaan Malik about KS Chithra