“മിന്നല്‍ മുരളിയിലെ മിന്നും താരം അച്ചന്‍കുഞ്ഞേട്ടന്‍ പോയി, ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ…”-നൊമ്പരമായി ആ ചിരിവിഡിയോ

June 9, 2021
Minnal Murali artist passed away

മരണത്തെ പലപ്പോഴും രംഗബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. ചില മരണങ്ങള്‍ അത്രമേല്‍ നമ്മെ വേദനിപ്പിക്കുന്നു. മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അച്ചന്‍കുഞ്ഞ് എന്ന താരത്തേയും മരണം കവര്‍ന്നെടുത്തു. ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്.

ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് മിന്നല്‍ മുരളി. ബേസില്‍ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അച്ചന്‍കുഞ്ഞ് എന്ന താരത്തെക്കുറിച്ച് ബേസില്‍ ജോസഫ് എഴുതിയ കുറിപ്പും ഉള്ളുതൊടുന്നു. ഒരു ലൊക്കേഷന്‍ വിഡിയോയും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

ബേസില്‍ ജോസഫിന്റെ വാക്കുകള്‍

മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ചന്‍കുഞ്ഞേട്ടന്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി. എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ചന്‍കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണ്. അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത്. അതുകൊണ്ടുതന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരനായി മാറിയിരുന്നു അദ്ദേഹം.

പട്ടിണിയും ദാരിദ്ര്യവും, ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ, ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രമിച്ചിരുന്ന അച്ചന്‍കുഞ്ഞേട്ടന്‍, ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട്. എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും, ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും, പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു. ആദരാഞ്ജലികള്‍….

Story highlights: Minnal Murali artist passed away