‘മണി ഹെയ്‌സ്റ്റ്’ മലയാളത്തിൽ എത്തിയാൽ: പ്രൊഫസറായി പൃഥ്വിരാജ്, ഫഹദും ജോജുവും മഞ്ജു വാര്യരും ഉൾപ്പെടെ പ്രിയതാരങ്ങൾ, ശ്രദ്ധനേടി വിഡിയോ

June 10, 2021

വലിയ ജനസ്വീകാര്യത നേടിയ സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹെയ്‌സ്റ്റ്’. ജനലക്ഷങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മണി ഹെയ്‌സ്റ്റ് നാലാം ഭാഗം അവസാനിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മണി ഹെയ്‌സ്റ്റ് ആരാധകർ. റിലീസിനൊരുങ്ങുന്ന അഞ്ചാം ഭാഗത്തിന്റെ വിശേഷങ്ങൾ വെബ് സീരീസ് പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുമ്പോൾ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് ഒരു വിഡിയോ.

മലയാളത്തിലടക്കം നിരവധി ആരാധകരുണ്ട് ഈ സീരീസിന്. അതുകൊണ്ടുതന്നെ സീരീസിലെ താരങ്ങളെല്ലാം മലയാളികൾക്കും സുപരിചിതരാണ്. ഇപ്പോഴിതാ സ്പാനിഷ് സംസാരിക്കുന്ന ഈ സീരീസില്‍ മലയാള സിനിമാ താരങ്ങള്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്താല്‍ ആരെല്ലാമാണ് അനുയോജ്യരായവര്‍ എന്ന് പറയുന്ന രസകരമായൊരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രം പ്രൊഫസറായി വേഷമിട്ട അൽവാരോ മോർട്ടെയാണ്. മലയാളി താരങ്ങൾ ഈ സീരീസിൽ അഭിനയിച്ചാൽ പ്രൊഫസറായി വേഷമിടുക പൃഥ്വിരാജ് സുകുമാരൻ ആയിരിക്കും എന്നാണ് വിഡിയോയിൽ പറയുന്നത്.

Read also:‘വിജനസുരഭീ വാടികളില്‍’ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി രമ്യ നമ്പീശന്റെ ആലാപനം

അതേസമയം പ​ലെർമോ ആയി ഫഹദ്​ ഫാസിലായിരിക്കും എത്തുക. റാക്വേൽ ആയി മഞ്ജു വാര്യരും ഡെൻവർ ആയി ആസിഫ് അലിയും വേഷമിടും. ടോക്യോ ആയി രജീഷ വിജയൻ, റിയോ ആയി ഷെയ്​ൻ നിഗം, ജൂലിയ ആയി സംയുക്​ത, സ്​റ്റോക്​ഹോം ആയി മംമ്​ത മോഹൻദാസ്, ഹെൽസിങ്കി ആയി ബാബുരാജ്​, ​ബൊഗോട്ടി ആയി ജോജു, മാർസെല്ല ആയി ചെമ്പൻ വിനോദ് എന്നിവരെയാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്പാനിഷ് വെബ് സീരീസ് മണി ഹെയ്‌സ്റ്റ് ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകരെ നേടിയെടുത്തതാണ്. അഞ്ചാം ഭാഗത്തിന്റെ ട്രെയ്‌ലർ സീരീസ് ആരാധകർക്കിടയിൽ ആകാംഷ ജനിപ്പിച്ചിരുന്നു. രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ എത്തുക. ആദ്യ ഭാഗം സെപ്തംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

Read also:ഈ വർഷത്തെ മികച്ച ചിത്രം: ജെസിബിയുടെ കൈയിൽ ഇരുന്ന് നദിയിലൂടെ യാത്ര ചെയ്യുന്ന ആരോഗ്യപ്രവർത്തകർ

അതേസമയം, അഞ്ചാം ഭാഗത്തോടെ ‘മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ്. നാലാം ഭാഗമെത്തി ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്റെ സംവിധായകൻ.

Story Highlights:Money Heist with malayalam actors- viral video