ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ താമസം; എങ്കിലും എന്നും തെരുവിന്റെ മക്കള്‍ക്ക് ഇവിടെ നിന്നും പൊതിച്ചോറുണ്ട്

Mother and daughter give foods for others

സ്വന്തം വേദനകളേക്കാള്‍ മറ്റൊരാളുടെ വേദനകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ചിലര്‍ക്കേ കഴിയൂ. അത്രമേല്‍ നന്മ നിറഞ്ഞ മനസ്സുള്ള ചിലര്‍ക്ക്. തൃശ്ശൂര്‍ ജില്ലയിലെ വടൂക്കരയില്‍ അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ഉണ്ട്. മനസ്സ് നിറയെ നന്മയുള്ള ഇവര്‍ ആരോരുമില്ലത്താവരെ ചേര്‍ത്തു നിര്‍ത്തുകയാണ്, ഒരു നേരത്തെ ഭക്ഷണം നല്‍കിക്കൊണ്ട്.

ഏറെ പരിമിതകളിലാണ് കഴിയുന്നതെങ്കിലും നാളുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ശീലത്തിന് ഇവര്‍ മുടക്കം വരുത്തിയിട്ടില്ല. ചോര്‍ന്നൊലിക്കുന്ന ഒരു ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. പക്ഷെ എല്ലാ ദിവസവും ഉച്ചയാകുമ്പോഴേക്കും രണ്ട് പൊതിച്ചോറുകള്‍ ഇവിടെ നിന്നും നല്‍കും. തെരുവോരത്ത് ആരോരുമില്ലാതെ കഴിയുന്നവര്‍ക്കായി.

Read more: പതിവായി സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെ വരണ്ടുപോകുന്ന കൈകൾക്ക് പരിഹാരം

ഈ വീട്ടിലെ മൂത്തമകള്‍ ആതിര ബിഎസ്സിക്ക് പഠിക്കുകയാണ്. ജന്മനാ ചലനശ്ശേഷി ഇല്ലാത്തയാളാണ് ആതിര. നാളുകളായി ഭക്ഷണപ്പൊതി നല്‍കുന്ന ശീലം മഹാമാരിയുടെ ഇക്കാലത്തും തുടരണമെന്നതും ആതിര എന്ന നന്മ മനസ്സിന്റെ ആഗ്രഹമാണ്.

അസുഖത്താല്‍ ബുദ്ധിമുട്ടിലാണ് ഗൃഹനാഥനും. വീടുവെയ്ക്കാന്‍ അനുമതി കിട്ടിയപ്പോഴേക്കും അര്‍ബുദവും ഹൃദ്രോഗവും അദ്ദേഹത്തെ പിടികൂടി. ആകെയുള്ളത് ചോര്‍ന്നൊലിക്കുന്ന വീടടക്കം 3.75 സെന്റ് ഭൂമിയാണ്. തയ്യല്‍ ജോലി ചെയ്ത് കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് ഈ വീടിനെ ഗൃഹനാഥ ജാനകി തുന്നിപ്പിടിപ്പിക്കുന്നത്. ഇത്രയേറെ പ്രതിസന്ധികളില്‍ കഴിയുമ്പോഴും മറ്റുള്ളവരെ ചേര്‍ത്തു നിര്‍ത്താനുള്ള ഇവരുടെ മനസ്സ് വര്‍ണ്ണനകള്‍ക്ക് അതീതമാണ്.

Story highlights: Mother and daughter give foods for others