‘എനിക്ക് ഒരു സഹോദരിയായും ഏറ്റവും സുന്ദരിയായ പെൺകുട്ടിയായും മാത്രമേ ഓർമ്മിക്കാൻ കഴിയൂ..’- കാവ്യാ മാധവനെ കുറിച്ച് സനുഷ

June 29, 2021

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ നമതൈ’യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ഏറ്റവുമൊടുവിൽ ‘ഒരു മുറൈ വന്ത് പാർത്തായ..’ എന്ന സിനിമയിലാണ് നടി വേഷമിട്ടത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സനുഷ ബാലതാരമായിരുന്ന സമയത്തെ മനോഹരമായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്.

കാവ്യാ മാധവനൊപ്പമുള്ള ഓർമ്മകളാണ് നടി ഇപ്പോൾ പങ്കുവയ്ക്കുന്നത്. പെരുമഴക്കാലം എന്ന സിനിമയുടെ റിലീസിന് ശേഷം ഒരു ചടങ്ങിൽ നിന്നും പകർത്തിയ ചിത്രവും കുറിപ്പും നടി പങ്കുവയ്ക്കുന്നു.

‘പെരുമഴക്കാലം എന്ന സിനിമയ്ക്ക് തൊട്ടുപിന്നാലെ ഒരു ചടങ്ങിൽ നിന്നും പകർത്തിയതാണെന്ന് ഞാൻ കരുതുന്നു. നിങ്ങളിൽ മിക്കവർക്കും അറിയാവുന്നതുപോലെ, എന്റെ അമ്മ ജനിച്ച അതേ സ്ഥലത്തുനിന്നുള്ള നിലേശ്വരത്തിൽ നിന്നാണ് കാവ്യയും. എന്റെഅച്ഛൻ കുടുംബത്തോടൊപ്പം ചെറിയ പ്രായത്തിൽ അവിടെ താമസിച്ചിട്ടുമുണ്ട്. (ഞാൻ ജനിച്ചത് കണ്ണൂരാണ്, പക്ഷേ എന്റെ കുടുംബാംഗങ്ങൾ ഇപ്പോഴും നിലേശ്വരത്ത് താമസിക്കുന്നുണ്ട്, എന്റെ മാതാപിതാക്കൾക്ക് അവിടെ സുഹൃത്തുക്കളുണ്ട്, ഞങ്ങൾ അവിടെ പോകുമ്പോഴെല്ലാം അവരെ കണ്ടുമുട്ടാനും സമയം ചെലവഴിക്കാനും ശ്രമിക്കുന്നു).

ഒരേ വ്യവസായത്തിൽ ജോലി ചെയ്യുന്ന ചില ആളുകളിൽ കരിയർ വളരുന്നതിനനുസരിച്ച് ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾക്ക് ഒരിക്കലും അത്തരം അനുഭവം ഉണ്ടായിട്ടില്ലെന്ന് ഞാൻ അഭിമാനിക്കുന്നു, മാത്രമല്ല, എനിക്ക് ഒരു സഹോദരിയെപോലെയും, ഏറ്റവും സുന്ദരിയായ പെൺകുട്ടിയായുമാണ് മനസിലുള്ളത്’. സനുഷ കുറിക്കുന്നു.

Read More: ‘ഏതൊരു അന്വേഷകനും അന്വേഷണത്തിനിടെ ആവര്‍ത്തിച്ച് സ്വയം ചോദിക്കുന്ന ആറ് ചോദ്യങ്ങളുണ്ട്’:ആകാംക്ഷ നിറച്ച് ‘കോള്‍ഡ് കേസ്’ ടീസര്‍

കാവ്യയുടെ ഒട്ടേറെ ചിത്രങ്ങളിൽ ചെറുപ്പകാലം അവതരിപ്പിച്ചത് സനുഷ ആയിരുന്നു. നായികയെന്നതിലുപരി ബാലതാരമായി സജീവമായിരുന്നതുകൊണ്ട് ചെറുപ്പകാലത്തെ നിരവധി സിനിമാ ഓർമ്മകൾ സനുഷയ്ക്ക് ഉണ്ട്. അതേസമയം, നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് താരം. 2016-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്നതായിരുന്നു സനുഷ അവസാനമായി അഭിനയിച്ച മലയാള ചലച്ചിത്രം. പിന്നീട് കന്നഡയിലും തെലുങ്കിലും തമിഴിലും താരം വിവിധ സിനിമകളില്‍ കഥാപാത്രമായെത്തി. ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തിലാണ് താരം അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ.

Story highlights- sanusha santhosh about kavya madhavan