കുടുംബത്തെ രക്ഷിക്കാൻ ഏഴുവയസുകാരൻ ഒഴുക്കിനെതിരെ നീന്തിയത് ഒരു മണിക്കൂറോളം
സോഷ്യൽ ഇടങ്ങളുടെ മുഴുവൻ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് ചേസ് പൗസ്റ്റ് എന്ന ഏഴു വയസുകാരൻ. സ്വന്തം ജീവൻ പണയംവെച്ചുകൊണ്ട് അച്ഛനെയും അനുജത്തിയേയും രക്ഷിക്കാൻ ഒരു മണിക്കൂറോളം ഒഴുക്കിനെതിരെ നീന്തിയാണ് ചേസ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ഹീറോയായി മാറുന്നത്.
കഴിഞ്ഞ ദിവസമാണ് ഫ്ലോറിഡയിലെ സെന്റ് ജോൺ നദിയിൽ ബോട്ടിങ് ആസ്വദിക്കാൻ ചേസ് പിതാവിനും അനുജത്തിക്കും ഒപ്പം എത്തിയത്. നദിയിൽ ബോട്ട് നിർത്തി മീൻ പിടിക്കുന്നതിനിടെയാണ് വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത്. ഇതോടെ ബോട്ടിൽ നിന്നും ബാലൻസ് നഷ്ടപ്പെട്ട് ചേസിന്റെ അനുജത്തി നാലു വയസുകാരി അബിഗെയ്ൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷിക്കുന്നതിനായി പിതാവ് സ്റ്റീവും ചേസും വെള്ളത്തിലേക്ക് ചാടി.
മകളെയും കൈയിൽ എടുത്ത് ബോട്ടിന്റെ അരികിലേക്ക് നീന്താൻ സ്റ്റീവ് ശ്രമിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ഇത് സാധിച്ചില്ല. എന്നാൽ വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതായി മനസിലാക്കിയതോടെ ചേസ് ഉടൻതന്നെ കര ലക്ഷ്യമാക്കി നീന്തുകയായിരുന്നു. നീന്തലിനിടെ ക്ഷീണിച്ച് പോകാതിരിക്കാൻ മലർന്നു കിടന്നും മറ്റുമൊക്കെയാണ് ചേസ് നീന്തിയത്. ഏകേദശം ഒരുമണിക്കൂറോളം വെള്ളത്തിലൂടെ നീന്തി ചേസ് കരയിലെത്തി. ഉടൻ തന്നെ സമീപത്തുള്ള വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു.
Read also:അന്ന് മുതൽ വേഷം നൈറ്റി, ഇത് യഹിയാക്കയുടെ പ്രതികാരത്തിന്റെ കഥ
വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോഴേക്കും മകളുമായി കരയിലേക്ക് നീന്താൻ കഴിയാതെ നിൽക്കുകയായിരുന്നു സ്റ്റീവ്. ഉടൻതന്നെ സുരക്ഷാസേന ഉദ്യോഗസ്ഥർ ഇരുവരെയും കരയിലെത്തിച്ചു. അതേസമയം സ്വന്തം ജീവൻ പണയംവെച്ചുകൊണ്ട് ഇത്രവലിയ സാഹസം ചെയ്ത ചേസിന് അഭിനന്ദനപ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story highlights; Seven year old boy swims an hour to rescue his family