കൊവിഡ് ബാധിതർക്കും ആവശ്യക്കാർക്കും സൗജന്യമായി മരുന്ന് വിതരണം ചെയ്ത് നടൻ സുനിൽ ഷെട്ടി
മലയാളികൾക്കും സുപരിചിതനായ ബോളിവുഡ് നടനാണ് സുനിൽ ഷെട്ടി. കാക്കക്കുയിൽ എന്ന ചിത്രത്തിൽ സുനിൽ ഷെട്ടി ചെയ്ത അതിഥിവേഷം വളരെയേറെ ശ്രദ്ധേയമായിരുന്നു. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും സുനിൽ ഷെട്ടി പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. ചന്ദ്രോത്ത് പണിക്കർ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഇപ്പോഴിതാ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കൈയടി നേടുകയാണ് നടൻ. കൊവിഡ് ബാധിതർക്ക് സൗജന്യമായി മരുന്നുകൾ എത്തിച്ചാണ് സുനിൽ ഷെട്ടി മാതൃകയാകുന്നത്. ബിഡിആർ ഫാർമസ്യൂട്ടിക്കൽസുമായി ചേർന്നാണ് സുനിൽ ഷെട്ടി മരുന്നുകൾ വിതരണം ചെയ്യുന്നത്.
ആർക്കെങ്കിലും മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ അവ ശേഖരിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ മടിയില്ലാതെ അറിയിക്കണം എന്ന് സുനിൽ ഷെട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പരസ്പരം സഹായിക്കാനും പരസ്പരം കൈ പിടിക്കാനും ഉള്ള സമയമാണിത് എന്നാണ് അദ്ദേഹം പറയുന്നത്.
Read More: ‘പീലിയേഴും വീശിവാ…’ സ്വരമാധുരിയിൽ അതിശയിപ്പിച്ച് ആൻ ബെൻസൺ
ഇതിനുപുറമെ, സുനിൽ ഷെട്ടി ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ദാനം ചെയ്യുകയും മുംബൈയിലെ ചെറുകിട വിൽപ്പനക്കരെ സഹായിക്കുകയും ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ രാജ്യം നിൽക്കുമ്പോൾ സഹായമെത്തിക്കാനുള്ള തിരക്കിലാണ് ബോളിവുഡ് താരങ്ങൾ. ഈ സാഹചര്യത്തിൽ മറ്റെന്തിനേക്കാളും ആവശ്യം പിന്തുണയും സഹായങ്ങളുമാണ്. നടൻ സൽമാൻ ഖാൻ, സുസ്മിത സെൻ, രവീണ ടണ്ടൻ, പ്രിയങ്ക ചോപ്ര എന്നിവരെല്ലാം സഹായങ്ങളുമായി മുന്നിട്ടിറങ്ങിയിരുന്നു.
Story highlights- Suniel Shetty provides free medicines to Covid patients