പാലാക്കാരൻ അച്ചായനായി സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ ഒരുങ്ങുന്നു

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അനൂപ് സത്യൻ സംവിധാനം നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ഗംഭീര മടങ്ങിവരവ് നടത്തിയതാണ് സുരേഷ് ഗോപി. അതിന് പിന്നാലെ താരത്തിന്റെ നിരവധി ചിത്രങ്ങളും പ്രഖ്യാപിച്ചു. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് സുരേഷ് ഗോപി പ്രധാന കഥാപാത്രമാകുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ.
സുരേഷ് ഗോപിയുടെ 250-മത് ചിത്രമാണ് ഒറ്റക്കൊമ്പൻ. പാലാക്കാരൻ അച്ചായനായി സുരേഷ് ഗോപി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യുസ് തോമസാണ്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും സിനിമ പ്രേമികൾക്കിടയിൽ ആവേശം നിറയ്ക്കുന്നുണ്ട്. ലാത്തി ചാർജിനിടയിൽ പൊലീസിന് നേരെ സിഗരറ്റും വലിച്ചുള്ള സുരേഷ് ഗോപിയാണ് പോസ്റ്ററിൽ ഉള്ളത്. ‘പുകവലി ആരോഗ്യത്തിന് ഹാനീകരം’ എന്ന മുന്നറിയിപ്പും സുരേഷ് ഗോപി പോസ്റ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ടൈറ്റിൽ പ്രകാശനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മുളകുപാടം ഫിലിംസിൻ്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഒറ്റക്കൊമ്പൻ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ 100 പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ചിത്രം അനൗൺസ് ചെയ്തത്.
Read also:‘പ്രിയദർശൻ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ കണ്ടത് 45 തവണ’- സംവിധായകന്റെ ആവേശം പങ്കുവെച്ച് ഹരീഷ് പേരാടി
നേരത്തെ സുരേഷ് ഗോപിയുടെ 250-മത് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമ കോടതി വിലക്കിയിരുന്നു. സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാൾ ദിനത്തിലാണ് 250ാം ചിത്രമെന്ന നിലയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. മാത്യുസ് തോമസായിരുന്നു സംവിധാനം. ഷിബിൻ ഫ്രാൻസിസിന്റേതാണ് തിരക്കഥ. അതേസമയം ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത് പഴയ തിരക്കഥയിൽ തന്നെ ആയിരിക്കും എന്നാണ് സൂചന.
Story Highlights: Suresh Gopi film Ottakomban