‘പ്രിയദർശൻ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ കണ്ടത് 45 തവണ’- സംവിധായകന്റെ ആവേശം പങ്കുവെച്ച് ഹരീഷ് പേരാടി

June 27, 2021

മലയാള സിനിമാലോകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മികച്ച ചിത്രത്തിനുൾപ്പെടെ മൂന്നു ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രം തിയേറ്റർ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. ഒട്ടേറെ തവണ കൊവിഡ് പ്രതിസന്ധി കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നു. ഇപ്പോഴിതാ, ഇത്തവണ ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. ഓഗസ്റ്റ് 12നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഹരീഷ് പേരാടി പ്രിയദർശന്റെ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ്.

ഹരീഷ് പേരാടിയുടെ കുറിപ്പ്;

വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു. 45 തവണ മരക്കാർ എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും,ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും,ഇന്നെൻ്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും,പിന്നെ ഈ പാവപ്പെട്ടവൻ്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും,പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു. മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു…മതി..പ്രിയൻ സാർ..1984-ൽ ഒന്നാം വർഷ പ്രീഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപാ ടിക്കറ്റിലിരുന്ന് “പൂച്ചക്കൊരുമുക്കുത്തി” കണ്ട് ആർമാദിക്കുമ്പോൾ എൻ്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്…നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്നേഹം മാത്രം..

Read More: ഡാന്‍സ് പണ്ടേ ഒരു വീക്ക്‌നെസ്സാണ്; ആശ ശരത്തിന് രസകരമായ ഒരു അനുകരണവുമായി കുട്ടിത്താരം

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്നു. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Story highlights- hareesh peradi about priyadarshan