പൂർണ്ണ ആസ്വാദനത്തിന് തിയേറ്റർ തന്നെ വേണം; പത്തൊൻപതാം നൂറ്റാണ്ട് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് വിനയൻ
പ്രതിസന്ധി നിറഞ്ഞ മഹാമാരിക്കാലത്ത് സിനിമാലോകം നിശ്ചലമായിരുന്നു. തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ പല സിനിമകളും ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തി. മരക്കാർ, അറബിക്കടലിന്റെ സിംഹം പോലുള്ള വലിയ ചിത്രങ്ങൾ എത്ര സമയമെടുത്താലും തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ, സംവിധായകൻ വിനയന്റെ സ്വപ്ന പദ്ധതിയായ പത്തൊൻപതാം നൂറ്റാണ്ട് തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്;
“പത്തൊൻപതാം നൂറ്റാണ്ട്” എഡിറ്റിംഗ് ജോലികൾ ആരംഭിച്ചു.. വിവേക് ഹർഷനാണ് എഡിറ്റർ. കോവിഡിൻെറ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്.സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ..വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിൻെറയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തീയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിൻെറ പൂർണ്ണ ആസ്വാദനത്തിലെത്തൂ ..ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിൻെറ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളതുപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ.. അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തീയറ്ററുകളിൽ മാത്രമേ റിലീസു ചെയ്യു എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തീയറ്ററുകളിലെ ആരവങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാർ എങ്കിലും മറക്കരുത് എന്നാണ് എൻെറ അഭിപ്രായം.
വിനയൻ സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കറായി സിജു വിൽസനാണ് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ നങ്ങേലിയായി പൂനെ ടൈംസ് ഫ്രഷ് ഫെയ്സ് 2019 വിജയിയായ നടി കയാഡു ലോഹർ ആണ് എത്തുന്നത്. തിരുവിതാംകൂറിന്റെ ഇതിഹാസകഥ പറയാനാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എത്തുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ,ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ,ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ,പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്,മധു പുന്നപ്ര, മീന, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവർക്ക് പുറമെ പതിനഞ്ചോളം വിദേശ താരങ്ങളും ചിത്രത്തിലുണ്ട്.
Story highlights- vinayan about pathonpathaam noottandu movie