ഓൺലൈൻ സംവിധാനങ്ങൾ ഇല്ല; ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് മുഴുവൻ ടീച്ചറായി ഒരു പതിനൊന്നുവയസുകാരി
കൊവിഡ് കാലത്തെ നഷ്ടത്തിന്റെയും അതിജീവനത്തിന്റെയും നിരവധി കഥകൾ ഇതിനോടകം നാം കേട്ടുകഴിഞ്ഞു. കൊവിനെത്തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ലാസുകൾ മുഴുവൻ ഡിജിറ്റലായി മാറി. എന്നാൽ ഓൺലൈൻ സംവിധാനങ്ങൾ എത്താത്ത സ്ഥലങ്ങൾ ഇന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇപ്പോഴിതാ ഒരു ഗ്രാമത്തിൽ കുട്ടികൾക്ക് വേണ്ടി ടീച്ചറായ ഒരു പതിനൊന്ന് വയസുകാരിയാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്. ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ദീപിക മിൻസ് എന്ന കൊച്ചുമിടുക്കിയാണ് തന്റെ ഗ്രാമത്തിലെ കുരുന്നുകൾക്ക് മുഴുവൻ ടീച്ചറാകുന്നത്.
നിലവിൽ ഗ്രാമത്തിലുള്ള നൂറോളം കുട്ടികൾക്കാണ് വിവിധ സമയങ്ങളിലായി ദീപിക ക്ലാസുകൾ എടുക്കുന്നത്. ഇംഗ്ലീഷും കണക്കുമാണ് ദീപിക കുഞ്ഞുങ്ങൾക്കായി ക്ലാസെടുത്ത് നൽകുന്നത്.
ഒരിക്കൽ അടുത്തുള്ള കുട്ടികൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോഴാണ് അവർക്ക് സ്കൂളിൽ പോകാൻ പറ്റാത്തതിനെക്കുറിച്ച് ദീപിക ആലോചിച്ചത്. തുടർന്ന് അവരോട് ദീപിക കുറച്ച് ചോദ്യങ്ങൾ ചോദിച്ചു. അതിൽ അവർക്ക് കൃത്യമായ ഉത്തരം നല്കാൻ കഴിഞ്ഞില്ല. തുടർന്ന് താൻ പഠിച്ച കാര്യങ്ങൾ ഈ കുഞ്ഞുങ്ങൾക്ക് പറഞ്ഞ് നൽകാമെന്ന് ദീപിക തീരുമാനിച്ചു. അങ്ങനെ രണ്ട് കുട്ടികൾക്ക് വീട്ടുമുറ്റത്ത് ക്ലാസുകൾ എടുത്താണ് ദീപിക എന്ന കുട്ടിടീച്ചർ തന്റെ അധ്യാപനം ആരംഭിച്ചത്.
Read also; ആശ്വാസദിനം: 111 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്
സൗജന്യമായി ദീപിക കുഞ്ഞുങ്ങൾക്ക് ക്ലാസുകൾ എടുത്ത് നല്കുന്നതിനെക്കുറിച്ചറിഞ്ഞ് പിന്നീട് നിരവധി മാതാപിതാക്കൾ തങ്ങളുടെ മക്കളെ ദീപികയുടെ അടുത്തേക്ക് അയക്കാൻ തുടങ്ങി. അങ്ങനെ കുട്ടികളുടെ എണ്ണം കൂടിയതോടെ ദീപികയുടെ സുഹൃത്ത് ലാക്രയും ചെറിയ കുട്ടികൾക്ക് ക്ലാസുകൾ എടുക്കാൻ തയാറായി ദീപികയ്ക്കൊപ്പം കൂടി. ഇപ്പോൾ ആ ഗ്രാമത്തിലെ നിരവധിപ്പേരാണ് ഈ കുട്ടിടീച്ചറുമാരുടെ നന്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്.
Story Highlights:11-year-old girl teaches neighbours during school closure