ആശ്വാസദിനം: 111 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്ക്

July 6, 2021

രാജ്യത്ത് ആശ്വാസം പകർന്ന് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. 111 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 34,703 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവിൽ ചികിത്സയിൽ ഉള്ളത് 4,64,357 സജീവ കേസുകളാണ്. 97.17 ശതമാനമാണ് ഇന്ത്യയിലെ കൊവിഡ് മുക്തി നിരക്ക്. രാജ്യത്തെ ആകെ കേസുകളുടെ 1.52 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. ആകെ മരണസംഖ്യ 4,03,281 ആണ്.

അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തത് 8037 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,346 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,94,627 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

Story highlights; India’s latest covid updates