ആ ഡാന്‍സ് ഹിറ്റായി; ‘ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര്ക്ക്’ സിനിമയിലേക്ക് അവസരം

സൂര്യയുടെ ജന്മദിനത്തില് തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ ചേര്‍ന്നൊരുക്കിയ വിഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. മിടുക്കന്മാരുടെ ഡാന്‍സ് ഹിറ്റായതോടെ സൂര്യ അടക്കമുള്ള താരങ്ങളും ഇവരെ അഭിനന്ദിക്കുകയും ചെയ്തും. സിനിമയിലേയ്ക്കും അവസരം ലഭിച്ചിരിക്കുകയാണ് ചെങ്കല്‍ച്ചൂളയിലെ ആ മിടുക്കന്മാര്ക്ക്. കണ്ണന് താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിരുന്ന് എന്ന ചിത്രത്തിലാണ് ഈ മിടുക്കന്മാര് അഭിനയിക്കുന്നത്. അര്ജുന്, നിക്കി ഗില്‍റാണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ഇവര്‍ ചേര്‍ന്നൊരുക്കിയ നൃത്തം ഗംഭാരമായിരുന്നു. സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ അയന് എന്ന സിനിമയിലെ ഗാനരംഗം അതേപോലെ പുനഃരാവിഷ്കരിക്കുകയായിരുന്നു മിടുക്കന്മാര്. കെ വി ആനന്ദ് സംവിധാനം നിര്‍വഹിച്ച അയന് 2009-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ ചിത്രമാണ് അയന്.
ചിത്രത്തിലെ ഗാനരംഗം അതേപടിയാണ് ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര് ചേര്‍ന്ന് പുനഃരാവിഷ്കരിച്ചത്. കോസ്റ്റിയൂമും ലൊക്കേഷനും എല്ലാം തനിപ്പകര്‍പ്പ് പോലെ. എന്നാല്‍ പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ഈ ഗാനം രംഗം മിടുക്കന്മാര് ചേര്‍ന്ന് ചിത്രീകരിച്ചത് എന്നതും കൗതുകകരമാണ്. ചിത്രത്തിലെ പണം തട്ടുന്ന ഒരു രംഗവും ഈ മിടുക്കന്മാര് റിക്രിയേറ്റ് ചെയ്തിരുന്നു.
Story highlights: Chenkalchoola boys debut in a Malayalam movie