‘പണി കിട്ടും’, സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റ്; വിഡിയോ പങ്കുവെച്ച് താരങ്ങൾ
സ്ത്രീധന മരണങ്ങൾ തുടർക്കഥയാകുന്ന കേരളത്തിൽ ബോധവത്കരണ വിഡിയോയോയുമായി എത്തുകയാണ് ഫെഫ്ക… കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി കേരളത്തിൽ നിരവധി കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് പറയുന്ന ഹ്രസ്വ ചിത്രമാണ് ഫെഫ്ക പുറത്തിറക്കിയിരിക്കുന്നത്. സർക്കാരിന്റെ വനിതാ ശിശുക്ഷേമ വകുപ്പുമായി ചേർന്നാണ് ഫെഫ്ക ചിത്രം ഒരുക്കിയിരിക്കുന്നത്.
നിഖില വിമൽ മുഖ്യകഥാപാത്രമാകുന്ന ചിത്രം നിരവധി ചലച്ചിത്രതാരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘സമൂഹത്തിൽ നല്ല നിലയും വിലയുമുള്ള ചെക്കന് സ്ത്രീധനമായി എന്ത് കിട്ടും’ എന്ന ചോദ്യത്തിന് ‘നല്ല പണികിട്ടും’ എന്ന് ഉത്തരം നൽകിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. തുടർന്ന് ചലച്ചിത്രതാരം പൃഥ്വിരാജിന്റെ വാക്കുകളും വിഡിയോയിൽ കേൾക്കാം.
‘സ്ത്രീധനം പ്രതീക്ഷിച്ച് വിവാഹം കഴിക്കുന്നവര്‍ക്ക് ഉറപ്പായും പണി കിട്ടും. ഓരോ പെണ്‍കുട്ടിക്കും അവരുടെ ജീവിതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും ശിക്ഷാര്‍ഹമാണ്. അനീതി നേരിടുന്ന ഓരോ പെണ്‍കുട്ടിയും ഓര്‍ക്കുക. നിങ്ങള്‍ ഒറ്റക്കല്ല ഒരു സമൂഹം കൂടെയുണ്ട്.’ എന്നാണ് പൃഥ്വിരാജ് പറയുന്നത്.
സ്ത്രീധനത്തിന്റെ പേരിലും അല്ലെതെയുമുള്ള ഗാർഹിക പീഡനങ്ങൾക്കെതിരെ മറ്റൊരു ഹ്രസ്വ ചിത്രവും നേരത്തെ ഫെഫ്ക പങ്കുവെച്ചിരുന്നു. ഇതിനും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിച്ചത്.
Story highlights:FEFKA’s campaign against Dowry