കാലുകൾകൊണ്ട് വരച്ച് കയറിയത് ലോക റെക്കോർഡിലേക്ക്; ആത്മവിശ്വാസത്തിന്റെ പ്രതീകമായി ദാമിനി
ആത്മവിശ്വാസത്തിന്റെ പ്രതീകമാകുകയാണ് ദാമിനി സെൻ എന്ന കൊച്ചുമിടുക്കി…ജന്മനാ കൈകൾ ഇല്ലാതിരുന്ന ദാമിനി സെൻ, വരയ്ക്കുന്നതും എഴുതുന്നതുമടക്കം എല്ലാം ചെയ്യുന്നത് കാലുകൾ കൊണ്ടാണ്. ജനിച്ചതുമുതൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയായിരുന്ന ഈ കൊച്ചുമിടുക്കി ഇന്ന് നേട്ടങ്ങളുടെ നെറുകയിലാണ്. ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ കാൽ വിരലുകൾ കൊണ്ട് വരച്ച് ദാമിനി കരസ്ഥമാക്കിയത് ലോക റെക്കോർഡാണ്.
നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുമ്പോഴും ഈ വിജയങ്ങൾക്ക് മുഴുവൻ തന്നെ പ്രാപ്തയാക്കിയത് അമ്മ മാധുരിയാണെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു. ജനിച്ചതുമുതൽ താനും മറ്റുള്ളവരെപ്പോലെ തന്നെ സാധാരണ ഒരു കുട്ടിയാണെന്ന് ‘അമ്മ പറഞ്ഞുധരിപ്പിച്ചു. അതുകൊണ്ടുതന്നെ മറ്റുള്ളവർ ചെയ്യുന്നതൊക്കെ ചെയ്യാൻ അവൾക്കും ആത്മവിശ്വാസം ലഭിച്ചു. എല്ലാവരും കൈകൊണ്ട് ചെയ്യുന്ന കാര്യങ്ങൾ അമ്മയുടെ സഹായത്തോടെ ദാമിനി കാലുകൾ ഉപയോഗിച്ച് ചെയ്യാൻ തുടങ്ങി. മറ്റ് കുട്ടികളെപ്പോലെ ഭക്ഷണം പാകം ചെയ്യാനും സ്വന്തം കാര്യങ്ങൾ കൃത്യമായി ചെയ്യാനും ദാമിനി ചെറുപ്പത്തിലേ ശീലിച്ചു.
Read also: മുനിസിപ്പാലിറ്റിയിലെ തൂപ്പ് ജോലിയിൽ നിന്നും ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്; മാതൃകയായി ആശയുടെ വളർച്ച
പഠനകാര്യത്തിലും മികവ് പുലർത്തുന്ന കുട്ടിയാണ് ദാമിനി. പത്താം ക്ലാസിൽ 80 ശതമാനം മാർക്കാണ് ദാമിനി കരസ്ഥമാക്കിയത്. കാലുകൾ ഉപയോഗിച്ചാണ് ദാമിനി പരീക്ഷ എഴുതുന്നത്. ദാമിനിയ്ക്ക് ഏറ്റവും ഇഷ്ടപെട്ട കാര്യം ചിത്രരചന ആണെന്ന് തിരിച്ചറിഞ്ഞതോടെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന കുടുംബം ഇതിനുള്ള എല്ലാ സൗകര്യങ്ങളും ദാമിനിയ്ക്കായി ഒരുക്കി. കിട്ടുന്ന സമയങ്ങളിലൊക്കെ കാലുകൾ കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ ദാമിനി പരിശീലിച്ചു. അങ്ങനെ കാലുകൾക്കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രങ്ങൾ വരയ്ക്കുന്നതിനുള്ള നിരവധി റെക്കോർഡുകളും ഈ കൊച്ചുമിടുക്കിയെ തേടിയെത്തി.
Story Highlights: Girl Born without Arms but Still Went on to Set a World Record