ഇന്ത്യയിൽ 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകൾ; പ്രതിദിന കണക്ക് ഏറ്റവും കൂടുതൽ കേരളത്തിൽ
ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന കുറവ് രാജ്യത്ത് വലിയ ആശ്വാസം പകരുന്നുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 911 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,05,939 ആയി. 17,90,708 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. 44,459 പേര് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി 2,98,88,284 ആയി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,07,52,950 ആണ്. നിലവില്‍ 45,8727 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് പ്രതിദിന കണക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനം കേരളമാണ്. ജൂണ്‍ 15നു ശേഷം ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കേസുകളില്‍ മൂന്നിലൊന്നും കേരളത്തിലാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 13,772 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ ആകെ മരണം 14,250 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Story highlights: India reports 43,393 new Covid cases