ശ്രദ്ധനേടി ഇന്ദ്രൻസിന്റെ പുതിയ ലുക്ക്; ‘തീ’ ഒരുങ്ങുന്നു

July 21, 2021

അഭിനയ മികവുകൊണ്ടും ലാളിത്യം കൊണ്ടുമെല്ലാം മലയാളി ഹൃദയങ്ങളിലേക്ക് നടന്നുകയറിയ താരമാണ് ഇന്ദ്രൻസ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരം പ്രധാന കഥാപാത്രമായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടുകയാണ് ഇന്ദ്രൻസ് അഭിനയിക്കുന്ന ‘തീ’ എന്ന ചിത്രത്തിലെ താരത്തിന്റെ ലുക്ക്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഇന്ദ്രൻസ് എത്തുന്നത്. അനിൽ വി നാഗേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹസിൻ, വിനു മോഹൻ, രമേശ് പിഷാരടി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

കഥ, തിരക്കഥ, സംഗീതം എന്നിവയും അനിൽ വി നാഗേന്ദ്രൻ തന്നെയാണ് നിർവഹിക്കുന്നത്. ചലച്ചിത്ര താരം ഇന്ദ്രൻസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. യൂ ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അസാധാരണമായ ഒരു പ്രണയ കഥയോടൊപ്പം ഉദ്വേഗജനകമായ സാഹസിക സംഘട്ടനരംഗങ്ങളും ഹൃദ്യമായ ഗാനരംഗങ്ങളും കരളലിയിപ്പിക്കുന്ന വൈകാരിക മുഹൂർത്തങ്ങളും ചിത്രത്തിൽ ദൃശ്യവത്ക്കരിക്കുന്നുണ്ട്.

Read also: പ്രിയതമയോടുള്ള സ്നേഹം, ഉളിയിൽ കൊത്തിയത് 6000 പടികളുള്ള പാത; മനോഹരം ഈ പ്രണയകഥ

അതേസമയം മാലിക്കാണ് ഇന്ദ്രന്സിന്റെതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം. ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. ഹോം, ലോന, വേലുക്കാക്ക തുടങ്ങിയ ചിത്രങ്ങളും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്.

Story Highlights: Indrans look in Thee