പിറന്നാള്‍ നിറവില്‍ കെ എസ് ചിത്ര; സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് ആശംസകള്‍
പാട്ടിനോളം ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്..? ചില ഗാനങ്ങള്‍ ഹൃദയത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. പിറന്നാള്‍ നിറവിലാണ് ഗായിക. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് കെ എസ് ചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. അത്രമേല്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിട്ടുണ്ട് ആ സ്വരം.
1963- ജൂലൈ 27ന് തിരുവനന്തപുരത്തായിരുന്നു കെ എസ് ചിത്രയുടെ ജനനം. സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്ണന്‍നായരാണ് പിതാവ്. അമ്മ ശാന്തകുമാരി. ചെറുപ്പം മുതല്ക്കേ സംഗീതത്തോട് ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു ചിത്ര. 1979ല്‍ എം.ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്.
Read more: വില 60,000 രൂപ; സമൂഹമാധ്യമങ്ങളിലെ രുചിയിടങ്ങളില്‍ വൈറലായ ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീം
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000-ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്കാരങ്ങള്‍ കെ എസ് ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.
Story highlights: KS Chithra Birthday