പൊട്ടിത്തെറികൾക്കിടയിലൂടെയുള്ള ഫഹദിന്റെ അതിസാഹസികമായ ഓട്ടം; മാലിക്കിലെ അപകടം നിറഞ്ഞ രംഗം ചിത്രീകരിച്ചതിങ്ങനെ- വിഡിയോ

July 17, 2021

ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവർ ആരാധകരെ ഞെട്ടിച്ചിരുന്നു. ചിത്രം ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ മേക്കോവറിനേക്കാൾ അഭിനയത്തിലും മേക്കിങ്ങിലുമാണ് മികവ് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഫഹദ് ഫാസിൽ ഏറ്റവുമധികം സമയം ചിലവഴിച്ചതും നിർമാതാവായ ആന്റോ ജോസഫിന്റെ കരിയറിലെ ഏറ്റവും മുതല്മുടക്കുള്ള ചിത്രവുമാണ് മാലിക്. 

ചിത്രത്തിലെ അതിസാഹസികമായ ഒരു രംഗത്തിന്റെ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ. തോക്കിൽ നിന്നും ചുറ്റുമുള്ള പൊട്ടിത്തെറികൾ പുനഃസൃഷ്ടിക്കാൻ മതിലുകളിൽ നിന്നും നിലത്തുനിന്നും സ്‌ഫോടകവസ്തുക്കൾ ഉപയോഗിക്കുകയായിരുന്നു. അപകടസാധ്യതകൾ ഏറ്റെടുക്കാനുള്ള ഫഹദിന്റെ സമ്പൂർണ്ണ പ്രതിബദ്ധതയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അണിയറപ്രവർത്തകർ മേക്കിംഗ് വിഡിയോ പങ്കുവയ്ക്കുന്നത്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാലിക്. ചിത്രത്തിന് വേണ്ടിയുള്ള ഫഹദിന്റെ മേക്കോവർ നേരത്തെ വൈറലായിരുന്നു. സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ചിത്രത്തിൽ 57 വയസുകാരന്റെ വേഷത്തിലും താരം എത്തുന്നുണ്ട്. തുറയിലാശാനായാണ് ഫഹദ് ഫാസിൽ വേഷമിടുന്നത്.

Read More: ‘തങ്കമേ തങ്കമേ..’ നൃത്തവുമായി കാളിദാസ്; ഒടുവിൽ ഒരു ഓട്ടവും- വിഡിയോ

സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മാലിക്കിന്റെ നിര്‍മാണം. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

Story highlights- malik movie making video