‘കാലുകളിലേക്ക് മടങ്ങുമെന്നത് യാഥാർഥ്യത്തിൽ നിന്നും അകലെയായിരുന്ന സമയം’- ഓർമ്മകൾ പങ്കുവെച്ച് മഞ്ജിമ മോഹൻ
സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും പ്രത്യേക വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് നടി മഞ്ജിമ മോഹൻ. ഇപ്പോഴിതാ, കാലിന് പരിക്കുപറ്റിയ സമയത്തെക്കുറിച്ച് കുറിക്കുകയാണ് നടി. ചിത്രത്തിനൊപ്പമാണ് നടി കുറിപ്പ് പങ്കുവയ്ക്കുന്നത്.
‘എന്റെ വാക്കർ ദിവസങ്ങളിലെ ഓർമ്മ! എന്റെ കാലുകളിലേക്ക് മടങ്ങുക എന്നത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്ന് വിശ്വസിച്ചിരുന്ന സമയം. എന്നാൽ ഈ ഘട്ടം മുഴുവൻ എന്നെ വളരെ പ്രധാനപ്പെട്ട ഒന്ന് പഠിപ്പിച്ചു.സ്വയം വിശ്വസിക്കുക! നിങ്ങൾ വളരെയധികം അതിജീവിച്ചു, വരാനിരിക്കുന്നതെന്തും നിങ്ങൾ അതിജീവിക്കും..’- മഞ്ജിമയുടെ വാക്കുകൾ.
വിഷ്ണു വിശാലിനൊപ്പം 2019ൽ FIR എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് ഷൂട്ടിങ്ങിനിടയിൽ മഞ്ജിമയ്ക്ക് അപകടം പറ്റിയത്. കാലിന്റെ പരിക്കിനെ തുടർന്ന് സർജറി നടത്തി വിശ്രമത്തിലായിരുന്നു നടി. ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാനോ അഭിനയിക്കാനോ ഏറ്റവും പ്രിയപ്പെട്ട നൃത്തരംഗത്തേക്ക് തിരികെ വരാനോ സാധിക്കില്ലെന്ന് വിചാരിച്ചിരുന്ന സമയത്താണ് മിഖായേൽ എന്ന ചിത്രത്തിലേക്ക് മഞ്ജിമയെ വിളിച്ചത്.
ബാലതാരമായി സിനിമയിലെത്തി ഒരു വടക്കൻ സെൽഫിയിലൂടെ നായികയായി അരങ്ങേറിയ നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് തമിഴ് സിനിമ ലോകത്താണ് സജീവമായത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മിഖായേൽ എന്ന സിനിമയിലൂടെ മഞ്ജിമ മലയാളത്തിലേക്ക് എത്തിയത്.
Read More: 19 വർഷങ്ങൾക്ക് ശേഷം ബാലാമണിയും ഉണ്ണിയേട്ടനും കണ്ടുമുട്ടിയപ്പോൾ; ഒപ്പം മനോഹര നൃത്തവും- വിഡിയോ
ഇനി ക്വീൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം റീമേക്ക് ആണ് മഞ്ജിമയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രം. നൃത്ത വേദികളിലെ സജീവ സാന്നിധ്യമാണ് മഞ്ജിമ.
Story highlights- manjima mohan about leg fracture