വൈഡൂര്യക്കമ്മലണിഞ്ഞ്….ഇഷ്ടഗാനത്തിന്റെ ഓർമകളിൽ മഞ്ജു വാര്യർ
വൈഡൂര്യക്കമ്മലണിഞ്ഞ് വെണ്ണിലാവു രാവിൽ നെയ്യും….മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനവുമായി ടോപ് സിംഗർ വേദിയിൽ എത്തുകയാണ് കുട്ടിഗായകരായ ഹനൂനയും വൈഗാലക്ഷ്മിയും. മഞ്ജു വാര്യരും ദിലീപും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച, കമൽ സംവിധാനം ചെയ്ത ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലേതാണ് ഈ മനോഹരഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകി സുജാത മോഹൻ ആലപിച്ച ഗാനമാണിത്. ഈ പാട്ട് രംഗത്തിൽ അഭിനയിച്ച മഞ്ജു വാര്യർക്ക് മുന്നിലാണ് ഈ കുരുന്ന് ഗായകർ ഈ മനോഹരഗാനവുമായി എത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്.
കുട്ടി ഗായകരുടെ ആലാപനമാധുര്യത്തിൽ ലയിച്ചിരുന്ന മഞ്ജുവിനെ പഴയ സിനിമ ഓർമകളിലേക്ക് കൊണ്ടുപോകുകയാണ് ഈ ഗാനം. മനോഹരമായ ഒരുപാട് ഓർമ്മകൾ സമ്മാനിക്കുന്ന തന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണിതെന്നും ഇഷ്ടഗാനമാണിതെന്നും മഞ്ജു വാര്യർ പറയുന്നുണ്ട്. പാട്ട് ഓർമ്മകൾക്കൊപ്പം മഞ്ജു വാര്യരും മോഹൻലാലും മുഖ്യകഥാപാത്രങ്ങളായ ‘ആറാം തമ്പുരാൻ’ എന്ന ചിത്രത്തിലെ ചില രസകരമായ നിമിഷങ്ങളും കൊച്ചുഗായിക വൈഗാലക്ഷ്മി മഞ്ജു വാര്യർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.
കുട്ടിപ്പാട്ടുകാരുടെ ഗാനങ്ങൾ ആസ്വദിക്കാനും കുട്ടി വർത്തമാനങ്ങൾ കേൾക്കുന്നതിനുമായി സിനിമ മേഖലയിലെ താരങ്ങളും ടോപ് സിംഗർ വേദിയിൽ അതിഥികളായി എത്താറുണ്ട്. പാട്ട് വേദിയിൽ എത്തിയ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ കുരുന്നുകൾക്കൊപ്പം ആടിയും പാടിയും ഈ വേദിയെ കൂടുതൽ മനോഹരമാക്കി.
Story Highlights:Manju Warrier enjoys Ee puzhayum kadann song