അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോൾ റോൾ ഉണ്ടെന്ന് പറഞ്ഞ് സംവിധായകൻ; കമൽഹാസനൊപ്പമുള്ള ചിത്രത്തിന്റെ വിശേഷങ്ങളുമായി നരേൻ…

July 2, 2021

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കമൽഹാസനൊപ്പം നരേനും എത്തുന്നുണ്ട്. ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം കൈതിയിലും നരേൻ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

‘വിക്രം’ സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ സംവിധായകനെ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴാണ് ചിത്രത്തിൽ തനിക്ക് വേണ്ടിയും ഒരു റോൾ ഉണ്ടെന്ന കാര്യം സംവിധായകൻ അറിയിച്ചത്. പിന്നീട് തിരക്കഥ കേട്ടപ്പോഴാണ് ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്ന കാര്യം അറിഞ്ഞതെന്നും നരേൻ പറയുന്നു. അതേസമയം ചെറുപ്പം മുതൽ താൻ ആരാധിക്കുന്ന നടനാണ് കമൽഹാസൻ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. അത് ലോകേഷിന്റെ ചിത്രത്തിൽ ആയത് കൂടുതൽ സന്തോഷം എന്നും നരേൻ കൂട്ടിച്ചേർത്തു.

Read also; കൊവിഡ് മഹാമാരിക്കാലത്ത് അനാഥരായ 100 കുഞ്ഞുങ്ങളെ ദത്തെടുക്കാനെത്തിയ യുവാവ്; അറിയാം ജയ് ശർമ്മയെക്കുറിച്ച്…

അതേസമയം കമൽ ഹാസന്റെ 232 ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിക്രം എന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് താരം എത്തുന്നതെന്നാണ് സൂചന. ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

Story highlights: Narain joins with Kamal Haasan in Lokesh Kanagaraj film