പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകൻ പിറന്നു- സന്തോഷം പങ്കുവെച്ച് നരേൻ

November 26, 2022

അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് നരേൻ. മലയാളത്തിന് പുറമെ തമിഴിലും താരമായി മാറിയ നരേൻ ഏറ്റവുമൊടുവിൽ കൈതി എന്ന സിനിമയിലാണ് അഭിനയിച്ചത്. കമൽഹാസൻ നായകനാകുന്ന വിക്രം എന്ന ചിത്രത്തിലും നരേൻ പ്രധാന വേഷത്തിൽ എത്തി. ഇപ്പോഴിതാ, നരേനും ഭാര്യ മഞ്ജുവും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. ദമ്പതികൾക്ക് തൻമയ എന്ന മൂത്ത മകളുണ്ട്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ വരവ് സമൂഹമാധ്യമങ്ങളിലൂടെയാണ് നടൻ അറിയിച്ചത്.

‘സന്തോഷവാർത്ത പങ്കുവെക്കുന്നതിൽ സന്തോഷമുണ്ട്! ഞങ്ങൾ ഒരു ആൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.’ നരേൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. ഓഗസ്റ്റിലാണ് താനും ഭാര്യയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നു നടൻ പ്രഖ്യാപിച്ചത്. സ്കാനിന്റെ ഒരു ചിത്രം പങ്കിട്ടുകൊണ്ട് അദ്ദേഹം അന്ന് എഴുതി “ഞങ്ങളുടെ 15-ാം വിവാഹ വാർഷികത്തിന്റെ ഈ പ്രത്യേക ദിനത്തിൽ, ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗത്തെ ഞങ്ങൾ ഉടൻ പ്രതീക്ഷിക്കുന്നു എന്ന സന്തോഷവാർത്ത പങ്കിടുന്നതിൽ സന്തോഷമുണ്ട്’.

അതേസമയം, നരേന്റെ സമീപകാല റിലീസ് മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായ ‘അദൃശ്യം/യുഗി’ ആയിരുന്നു. ബിഗ് സ്‌ക്രീനുകളിൽ എത്തിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.  2007 ഓഗസ്റ്റ് 26 ലായിരുന്നു ടിവി പ്രോഗ്രാം പ്രൊഡ്യൂസറായ മഞ്ജുവിനെ നരേൻ വിവാഹം ചെയ്യുന്നത്. 2009 ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്. മലയാളത്തിലെ നരേന്റെ അവസാന ചിത്രം ‘മാർക്കോണി മത്തായി’ ആയിരുന്നു.

Read Also: കടുവയെ ചുംബിക്കുന്ന യുവാവ്; ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ ഇത് കാണാൻ കഴിയൂ

അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നരേൻ തമിഴിലാണ് കൂടുതൽ തിളങ്ങിയത്. തമിഴിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചതോടെ യഥാർത്ഥ പേരായ സുനിൽ മാറ്റി നരേനിലേക്ക് ചേക്കേറുകയായിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം മലയാളത്തിൽ നരേന്റെ താരമൂല്യം ഉയർത്തി. പന്തയക്കോഴി, ഒരേ കടൽ, അയാളും ഞാനും തമ്മിൽ, റോബിൻ ഹുഡ് എന്നിവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങൾ.

Story highlights- Narain and wife welcome their second child