‘വി ആർ’ലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങി നിമിഷ സജയൻ

July 9, 2021

മലയാളികൾക്ക് പ്രിയങ്കരിയാണ് യുവനടി നിമിഷ സജയൻ. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ താരം മലയാളത്തിന് പുറമെ അന്യഭാഷകളിലേക്കും ചുവടുറപ്പിച്ചതാണ്. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നിമിഷ സജയൻ. ദേശീയ പുരസ്‌കാര ജേതാവ് ഒനിർ ചിത്രത്തിലൂടെയാണ് നിമിഷ ബോളിവുഡിലേക്കെത്തുന്നത്. ‘വി ആർ’ എന്നാണ് ചിത്രത്തിന്റെ പേര്. 2011-ൽ ഒനിർ സംവിധാനം ചെയ്ത ‘ഐ ആം ലൈക്ക് ഐ ആം’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് വി ആർ. നാല് വ്യത്യസ്ത കഥകൾ പറയുന്ന ആന്തോളജി ചിത്രം ‘ഐ ആം ലൈക്ക് ഐ ആം’ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

നിമിഷ സജയന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം നായാട്ടാണ്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ് എന്നിവർക്കൊപ്പം നിമിഷ മുഖ്യകഥാപാത്രമായ ചിത്രമാണ് നായാട്ട്. നായാട്ട്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തുടങ്ങി നിമിഷ അവതരിപ്പിച്ച ചിത്രങ്ങൾ അടുത്തിടെ പാൻ ഇന്ത്യൻ ലെവലിൽ വരെ ശ്രദ്ധ നേടിയിരുന്നു.

Read also:സാറാസിലെ ആ രംഗങ്ങള്‍ പിറന്നതിങ്ങനെ: രസകരമായ മേക്കിങ് വിഡിയോ

ഫഹദ് ഫാസിലിനൊപ്പം അവതരിപ്പിക്കുന്ന മാലിക് ആണ് നിമിഷയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. ബോളിവുഡ് താരം ആദിൽ ഹുസൈനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന് പേരിട്ടിരിക്കുന്ന ഇംഗ്ലീഷ് ഇന്ത്യൻ ചിത്രത്തിലാണ് ആദിൽ ഹുസൈനൊപ്പം നിമിഷ വേഷമിടുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക ഇന്ന് മലയാളികളുടെ പ്രിയ നായികയായി മാറിക്കഴിഞ്ഞു.

Story Highlights:Nimisha Sajayan Bollywood entry