‘ഹലോ ഞാന്‍ മോഹന്‍ലാല്‍ ആണ്….’; പൂക്കൊടിയിന്‍ ഗാനത്തിന് ഗായിക ബിനീതയെ തേടിയെത്തിയ പ്രശംസ

July 16, 2021
Pookodiyin Punnagai cover song from Iruvar by dr.Bineetha Ranjith

ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്ന പാട്ടുകള്‍ക്ക് വ്യത്യസ്ത രീതിയില്‍ കവര്‍ പതിപ്പുകളും ഒരുക്കാറുണ്ട് ചില ഗായകര്‍. ഇത്തരം കവര്‍ സോങ്ങുകള്‍ക്കും മികച്ച സ്വീകാര്യതയാണ് സംഗീതാസ്വാദകര്‍ക്കിടയില്‍ ലഭിക്കുന്നത്. കവര്‍ സോങ്‌സ് ഒരുക്കി ശ്രദ്ധ നേടിയ ഗായികയാണ് ഡോ. ബിനീത രഞ്ജിത്. അടുത്തിടെ ബിനീത ഒരുക്കിയ ‘പൂക്കൊടിയിന്‍ പുന്നഗൈ…’ ഗാനത്തിന്റെ കവര്‍ പതിപ്പും ശ്രദ്ധ നേടി.

ഈ സംഗീതാവിഷ്‌കാരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. അപ്രതീക്ഷിതമായി ലഭിച്ച പ്രശംസയെക്കുറിച്ച് ഗായിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുമുണ്ട്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തിയ ഇരുവര്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എ ആര്‍ റഹ്‌മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വൈരമുത്തുവിന്റേതാണ് പാട്ടിന്റെ വരികള്‍. സന്ധ്യയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചത്.

മോഹന്‍ലാലിന്റെ അഭിനന്ദനത്തെക്കുറിച്ച് ഡോ. ബിനീത രഞ്ജിത് പങ്കുവെച്ച കുറിപ്പ്

നമ്മുടെ ആഗ്രഹം ആത്മാര്‍ഥമാണെങ്കില്‍ പ്രപഞ്ചം മുഴുവന്‍ നമ്മുടെ ഒപ്പം ഉണ്ടാകും അത് സഫലമാക്കാന്‍. ഇത് ശരിവയ്ക്കുന്ന ഒന്ന് എന്റെ ജീവിതത്തിലും സംഭവിച്ചു. ചെറുപ്പത്തില്‍ ഓരോ മോഹന്‍ലാല്‍ സിനിമകളും കാണുമ്പൊ, സ്വപ്നങ്ങളില്‍ മാത്രം കേട്ടിരുന്ന ആ ശബ്ദം എന്നെ തേടി വന്നു.

‘ഹലോ, ഞാന്‍ മോഹന്‍ലാലാണ്. പൂക്കൊടിയിന്‍, കണ്ടു, കേട്ടു, It was amazing. ഗംഭീരമായി. ഈ സിനിമയും പാട്ടും എനിക്ക് വളരേ പ്രിയപ്പെട്ടതാണ്.so I thought I just share my happiness with you….’

നാം കാണുന്ന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്ന നിമിഷങ്ങളില്‍ ജീവിക്കാന്‍ കഴിയുക എന്നത് വളരേ അപൂര്‍വ്വമായ ഭാഗ്യങ്ങളിലൊന്നാണ്. ഈ തിരക്കിനിടയില്‍ എന്നെ അഭിനന്ദിയ്ക്കാന്‍ കാണിച്ച ആ വലിയ മനസ്സിന് ഹൃദയത്തില്‍ നിന്ന് പ്രണാമം. ഇതെനിക്ക് തരുന്ന ഊര്‍ജ്ജം വാക്കുകളില്‍ കുറിക്കാനാവുന്നില്ല. നന്ദി, സ്‌നേഹം ലാലേട്ടാ….

Story highlights: Pookodiyin Punnagai cover song from Iruvar by dr.Bineetha Ranjith