ശങ്കർ ചിത്രത്തിൽ രാം ചരൺ ഇരട്ട വേഷത്തിൽ; നായികയായി കൊറിയൻ ഗായിക
നടൻ രാം ചരണിനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേർന്നാണ് ഫെബ്രുവരിയിൽ നിർവഹിച്ചത്. ഇപ്പോഴിതാ, ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് രാം ചാരൻ എത്തുന്നതെന്ന റിപ്പോർട്ട് ശ്രദ്ധേയമാകുകയാണ്. രാം ചരൺ മുൻപ് ‘മഗധീര’, ‘നായക്’ എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ശങ്കർ തന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും ഇരട്ട വേഷങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കാറുള്ളത്. ‘ഇന്ത്യൻ’, ‘ജീൻസ്’, ‘എന്തിരൻ’, ‘2.0’ തുടങ്ങിയവയിലെല്ലാം കേന്ദ്ര കഥാപാത്രങ്ങൾ ഇരട്ട വേഷത്തിലാണ്. അതേസമയം, കൊറിയൻ ഗായിക സുസി ബേ ചിത്രത്തിലെ നായികമാരിൽ ഒരാളായി അഭിനയിക്കും. മാളവിക മോഹനൻ, കിയാര അദ്വാനി, ആലിയ ഭട്ട് തുടങ്ങിയവരും നായികമാരായി പരിഗണനയിലുണ്ട്.
2022ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. ദിൽ രാജുവും ഷിരീഷും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിന്റെ തിരക്കിലാണ് ഇപ്പോൾ രാം ചരൺ. രാം ചരണിനൊപ്പം ജൂനിയർ എൻടിആർ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഒരു സാങ്കൽപ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം.
Story highlights- Ram Charan to play a dual role in Shankar’s directorial