മഹാമാരിക്കാലത്ത് 50 ഓളം കുട്ടികളെ ദത്തെടുത്ത് പൊലീസ് ഉദ്യോഗസ്ഥ; മാതൃകയാണി ജീവിതം
മഹാമാരിക്കാലത്ത് ദുരിതത്തിലായവർക്ക് സഹായഹസ്തവുമായി എത്തിയ നിരവധിപ്പേരെ ഇതിനോടകം നാം കണ്ടുകഴിഞ്ഞതാണ്. ഇപ്പോഴിതാ അമ്പതോളം കുട്ടികളെ ദത്തെടുത്ത ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് സോഷ്യൽ ഇടങ്ങളിൽ ഹീറോ ആകുന്നത്. മുംബൈയിലെ ഒരു പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന റെഹാന ഷെയ്ഖ് ബാഗ്വാനാണ് സോഷ്യൽ ഇടങ്ങളിൽ മാതൃകയായ പൊലീസ് ഉദ്യോഗസ്ഥ. മഹാമാരിക്കാലത്ത് ദുരിതത്തിലായ മഹാരാഷ്ട്രയിലെ റായ്ഖഡ് ജില്ലയിലെ ആദിവാസി കുട്ടികളെയാണ് റെഹാന ദത്തെടുത്തിരിക്കുന്നത്. ഇതിന് പുറമെ ദുരിതത്തിലായ നിരവധിപ്പേർക്ക് സഹായവും ഈ പൊലീസ് ഉദ്യോഗസ്ഥ വാഗ്‌ദാനം ചെയ്തിട്ടുണ്ട്.
ഇതിന് മുൻപും സാമൂഹ്യസേവങ്ങളിലൂടെ റെഹാന സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മകളുടെ ജന്മദിനം ആഘോഷിക്കാൻ ഇരിക്കുമ്പോഴാണ് റെയ്ഗഡിലെ വാജെ താലൂക്കിലെ ധന്യ വിദ്യാലയത്തിലെ കുട്ടികളുടെ ദുരിതത്തെക്കുറിച്ച് റെഹാനയും കുടുംബവും അറിയുന്നത്. ഇതോടെ പിറന്നാൾ ആഘോഷത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന പണവും ഈദ് ആഘോഷങ്ങൾക്കായി മാറ്റിവെച്ചിരുന്ന പണവും ധന്യ സ്കൂളിലെ കുട്ടികൾക്ക് നൽകിയിരുന്നു.
Read also: എംബിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ചായ വിറ്റ് കോടീശ്വരനായ യുവാവ്
പിന്നീട് ഈ സ്കൂളിലെത്തന്നെ ഏറ്റവും കഷ്ടതകൾ അനുഭവിക്കുന്ന കുടുംബത്തിൽ നിന്നുള്ള അമ്പതോളം കുട്ടികളെ ദത്തെടുക്കാൻ റെഹാന തീരുമാനിക്കുകയായിരുന്നു. ഇവരുടെ വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചുമതലയും റെഹാന ഏറ്റെടുത്തിട്ടുണ്ട്. ഇതിന് പുറമെ കൊവിഡ് മഹാമാരിക്കാലത്ത് ഓക്‌സിജൻ വിതരണം, മാസ്‌ക് വിതരണം, വാക്‌സിൻ കുത്തിവയ്പ്പ് തുടങ്ങിയവയ്ക്കും റെഹാന മുൻകൈ എടുത്തിരുന്നു.
Story Highlights: Rehana Inspiring Police Officer