പൊട്ടിയ ഹോക്കി സ്റ്റിക്കിൽ പരിശീലനം, ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റനായ റാണി രാംപാലിന്റെ ജീവിതം…

July 30, 2021

‘റാണി രാംപാൽ’ ഇന്ന് വളരെ സുപരിചിതമാണ് ഈ പേര്. ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റനായ റാണി രാംപാലിന് ആരാധകരും ഏറെ. ടോക്യോ ഒളിമ്പിക്സിൽ ടീമിനൊപ്പം ഇടംനേടിയ റാണിയ്ക്ക് പക്ഷെ അത്ര സുഖകരമല്ലാത്ത ഒരു പഴയകാലമുണ്ട്.

വളരെയധികം കഷ്ടപാടുകളൂം ദുരിതങ്ങളും നിറഞ്ഞതായിരുന്നു റാണിയുടെ ബാല്യകാലം. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് റാണി ജനിച്ചത്. അച്ഛന് ഉന്തുവണ്ടി വലിക്കുന്ന ജോലിയായിരുന്നു. ‘അമ്മ പല വീടുകളിൽ വീട്ട് ജോലിക്കും പോയിരുന്നു. ദിവസേന 80 രൂപയാണ് റാണിയുടെ പിതാവിന് വരുമാനമായി ലഭിച്ചിരുന്നത്. ഈ കഷ്ടപാടുകൾക്കിടയിൽ നിന്നും റാണിയെ സംബന്ധിച്ച് ഹോക്കി പഠനം വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു.

വൈദ്യുതി സ്ഥിരമായി മുടങ്ങുന്ന, കൊതുകൾ ഉറക്കം കെടുത്തുന്ന, മഴക്കാലത്ത് വെള്ളം കയറുന്ന ആ വീട്ടിൽ നിന്നും രക്ഷപ്പെടുക എന്നതായിരുന്നു റാണിയുടെ ഏറ്റവും വലിയ ആഗ്രഹം. ഇതിനായി വളരെയധികം കഷ്ടപ്പാടുകളും റാണിയ്ക്ക് സഹിക്കേണ്ടി വന്നു.

ചെറുപ്പത്തിൽ ഹോക്കി പരിശീലിപ്പിക്കുന്നതിനായി നിരവധി തവണ അന്ന് അവിടെയുണ്ടായിരുന്ന കോച്ചിനോട് റാണി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള ആരോഗ്യം ഇല്ലെന്ന് പറഞ്ഞ് റാണിയെ പരിശീലകൻ പിന്തിരിപ്പിച്ചു. എന്നാൽ എങ്ങനെയെങ്കിലും ഹോക്കി പഠിക്കണമെന്ന് മനസിലുറപ്പിച്ച റാണി അവസാനം കോച്ചിനെക്കൊണ്ട് തന്നെ പരിശീലിപ്പിക്കാമെന്ന് സമ്മതിപ്പിച്ചു.

Read also: വൈകി വന്ന ആ ഫോൺ കോളിൽ അവൻ നമ്മളെയൊക്കെ വിട്ട് പോയി എന്ന വിലാപമായിരുന്നു; പ്രിയപ്പെട്ട സുഹൃത്തിന്റെ ഓർമകളിൽ ജി വേണുഗോപാൽ

പൊട്ടിയ ഹോക്കി സ്റ്റിക്കിലായിരുന്നു റാണിയുടെ ആദ്യ പരിശീലനം. അന്ന് പ്രാക്ടീസ് ചെയ്യുന്നതിന് സൗകര്യമായ വസ്ത്രവും ഉണ്ടായിരുന്നില്ല. അതിനാൽ ചുരിദാറും പാന്റും ധരിച്ചാണ് പരിശീലനം നടത്തിയിരുന്നത്. എന്നാൽ ആദ്യമൊക്കെ എതിർത്തെങ്കിലും കുടുംബവും റാണിയുടെ ആഗ്രാഹത്തിന് പൂർണ പിന്തുണ നൽകി കൂടെ നിന്നിരുന്നു. പുലർച്ചെ ആയിരുന്നു റാണി ഹോക്കി പരിശീലനം നടത്തിയിരുന്നത്. കൃത്യമായി സമയം നോക്കി പ്രാക്ടീസ് ചെയ്യാൻ റാണിയുടെ വീട്ടിൽ ക്ലോക്ക് ഇല്ലാത്തതിനാൽ ഓരോ ദിവസവും സൂര്യനെ നോക്കിയാണ് റാണിയുടെ ‘അമ്മ പ്രാക്ടീസിനുള്ള സമയം പറഞ്ഞുനൽകിയിരുന്നത്.

അക്കാദമിയിൽ പ്രാക്ടീസിന് പോകുമ്പോൾ ഭക്ഷണത്തിനും ഹോക്കി കിറ്റിനുമായി തന്നെ സാഹിയിച്ചിരുന്നത് റാണിയുടെ കോച്ചായിരുന്നു. ഒരിക്കൽ ഒരു മത്സരത്തിൽ റാണിയ്ക്ക് പരിധോഷികമായി 500 രൂപ ലഭിച്ചു. അതായിരുന്നു റാണിയുടെ കുടുംബം ആദ്യമായി കാണുന്ന ഏറ്റവും വലിയ തുക. പിന്നീട് സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും 2017 ൽ റാണി സ്വന്തമാക്കി. ഹ്യുമൻസ് ഓഫ് ബോംബെയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് തന്റെ ചെറുപ്പകാലത്തെക്കുറിച്ച് റാണി കുറിച്ചത്.

Story Highlights: indian womens hockey team captain rani rampal life story