വരികളെഴുതി പൊലീസ്; സംഗീതം പകര്‍ന്നത് മറ്റൊരു പൊലീസ്; ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഗാനം

July 15, 2021
Sunil G Cherukadavu and Hony H L behind the song Parasparam from Mission C

ചില പാട്ടുകളുണ്ട്, എത്ര കേട്ടാലും മതിവരാത്ത സുന്ദര ഗാനങ്ങള്‍. കേള്‍ക്കും തോറും അത്തരം ഗാനങ്ങളുടെ മാറ്റ് കൂടും. അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയ മനോഹരമായ ഒരു ഗാനമുണ്ട്. മിഷന്‍ സി എന്ന ചിത്രത്തിലെ പരസ്പരം എന്ന് പേരിട്ടിരിക്കുന്ന ഗാനം. സൗഹൃദ്യത്തിന്റേയും പ്രണയത്തിന്റേയുമൊക്കെ പ്രതിഫലനമായ ഈ ഗാനം ഒരു നേര്‍ത്ത മഴനൂല് പോലെ ആസ്വാദകരുടെ മനസ്സിലേക്ക് പെയ്തിറങ്ങുന്നു.

കാക്കിക്കുള്ളിലെ കലാകാരന്മാരാണ് ഈ ഗാനത്തിന്റെ അണിയറയില്‍. അതുതന്നെയാണ് ഈ ഗാനത്തിന്റെ പ്രധാന ആകര്‍ഷണവും. ഈ പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണ്. ഇടുക്കി കമ്പംമേട് പൊലീസ് ഇന്‍സ്‌പെക്ടറായ സുനില്‍ ജി ചെറുകടവിന്റേതാണ് ഗാനത്തിലെ വരികള്‍. ഇടുക്കി രാജാക്കാട് പൊലിസ് ഇന്‍സ്‌പെക്ടറായ ഹണി എച്ച് എല്‍ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നു. നിഖില്‍ മാത്യു ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read more: രാജമൗലിയുടെ ആര്‍ആര്‍ആര്‍ മേക്കിങ് വിഡിയോ

വിനോദ് ഗുരുവായൂര്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രമാണ് മിഷന്‍ സി. അപ്പാനി ശരത് ആണ് ചിത്രത്തിലെ നായകന്‍. കൈലാഷ്, മേജര്‍ രവി, മീനാക്ഷി, ജയകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ ഹാസ്യത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

Story highlights: Sunil G Cherukadavu and Hony H L behind the song Parasparam from Mission C