സുരേഷ് ഗോപി നായകനായ ‘കാവൽ’ ട്രെയ്‌ലർ ജൂലൈ 16ന് പ്രേക്ഷകരിലേക്ക്

സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയുന്ന ചിത്രമാണ് ‘കാവൽ’. ചിത്രം പൂർത്തിയായിട്ട് ഏറെനാളായെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിലീസ് നീളുകയായിരുന്നു. ഇപ്പോഴിതാ, ജൂലൈ 16 ന് രാത്രി 7 മണിക്ക് കാവലിന്റെ ട്രെയിലർ പുറത്തുവിടാൻ നിർമ്മാതാക്കൾ ഒരുങ്ങുന്നു. സുരേഷ് ഗോപി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി ട്രെയ്‌ലർ പുറത്തുവിടുന്നതായി പങ്കുവെച്ചത്.
സിനിമയിൽ വീണ്ടും സജീവമാകുന്ന സുരേഷ് ഗോപിയുടെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിലൊന്നാണ് നിധിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ‘കാവൽ’. സുരേഷ് ഗോപിയുടെ പതിവ് ശൈലിയിലുള്ള സിനിമയാണ് കാവൽ. 55 വയസിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ഒരാളായാണ് സുരേഷ് ഗോപി ഈ സിനിമയിൽ അഭിനയിക്കുന്നത്.
താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.
Story highlights- Suresh Gopi’s ‘Kaaval’ trailer to release