രണ്ടു കോടി വിത്തുകൾക്കൊണ്ട് ഗിന്നസിൽ ഇടംനേടി വനിതകൾ; ലക്ഷ്യം ഗ്രാമത്തെ ഗ്രീൻ ബെൽറ്റാക്കി മാറ്റുക
2.08 കോടി വിത്തുകൾ കൊണ്ട് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂർത്തിയാക്കി ഗിന്നസിൽ ഇടംനേടിയിരിക്കുകയാണ് ഒരു കൂട്ടം വനിതകൾ. തെലുങ്കാനയിലെ ഒരു വനിതാ സ്വാശ്രയ സംഘത്തിലെ യുവതികളാണ് വിത്തുകൾ കൊണ്ട് വലിയൊരു വാചകം എഴുതി ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയത്. ‘എസ്എച്ച്ജി അംഗങ്ങൾ തയാറാക്കിയതും നട്ടു പിടിപ്പിച്ചതുമായ രണ്ട് കോടി വിത്തുകൾ കൊണ്ട് മഹാബൂബ് നഗറിനെ വൈവിധ്യമാർന്ന ഒരു ഗ്രീൻ ബെൽറ്റാക്കി ഞങ്ങൾ മാറ്റും’ എന്നാണ് യുവതികൾ വിത്തുകൾ ഉപയോഗിച്ച് കുറിച്ചത്.
മണ്ണും കമ്പോസ്റ്റും ചേർത്തുള്ള ജൈവ മിശ്രിതത്തിൽ സൂക്ഷിച്ച് ഉണക്കിയ വിത്തുകൾ ഉപയോഗിച്ചാണ് ഇവർ ഈ വാചകം പൂർത്തിയാക്കിയത്. പിന്നീട് ഈ വിത്തുകൾ കൃഷിക്കായി അവർ ഉപയോഗിക്കുകയും ചെയ്തു. 2,097 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കെ സി ആർ അർബൻ ഇക്കോ പാർക്കിലാണ് ഈ വിത്തുകൾ ഉപയോഗിച്ച് ഈ വനിതകൾ കൃഷി നടത്തിയത്.
അതേസമയം തെലുങ്കാന മന്ത്രി വി ശ്രീനിവാസ് ഗൗഡ ഉൾപ്പെടെയുള്ളവർ സ്ത്രീകളുടെ ഈ ഉദ്യമത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
Read also:മഞ്ഞുരുകൽ ഭീഷണിയിൽ അന്റാർട്ടിക്ക; ഭൂമിയെ സംരക്ഷിക്കാൻ മഞ്ഞ് പാളിയെ പുതപ്പിച്ച് വിദഗ്ധർ
Story Highlights:women breaks Guinness Record by framing largest seed ball sentence