പേര് ജോനാഥന്‍, പ്രായം 191, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ജീവിയെ അറിയാം..!

December 10, 2023

കരയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവി ഏതാണെന്ന് അറിയാമോ..? പേര് ജോനാഥന്‍, പ്രായം 191. പേരും വയസും കണ്ട് ഞെട്ടേണ്ടതില്ല. ആളൊരു പാവം ആമയാണ്. കഴിഞ്ഞ ദിവസം 191-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമയെന്ന റെക്കോഡും ജോനാഥന്‍ സ്വന്തമാക്കിയിരുന്നു. സീഷെല്‍സില്‍ 1832-ലാണ് ജോനാഥന്‍ ജനിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. ( The World’s Oldest Living Land Animal )

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് അധീനപ്രദേശമായ സെന്റ് ഹെലീന ദ്വീപിലാണ് ആമ മുത്തശ്ശന്റെ താമസം. 1882-ല്‍ സീഷെല്‍സില്‍നിന്ന് സെന്റ് ഹെലേനയിലക്ക് കൊണ്ടുവരുകയായിരുന്നു. ദ്വീപിന്റെ ഗവര്‍ണര്‍ക്ക് ആമയെ സമ്മാനിക്കുമ്പോള്‍ പൂര്‍ണ വളര്‍ച്ച നേടി 50 വയസ്സിലെത്തിയിരുന്നു.

രണ്ട് ലോകയുദ്ധങ്ങള്‍, റഷ്യന്‍ വിപ്ലവം, ബ്രിട്ടീഷ് സിംഹാസനത്തില്‍ ഏഴ് രാജാക്കന്മാര്‍, 40 യു.എസ് പ്രസിഡന്റുമാര്‍ എന്നിവ ജോനാഥന്റെ നീണ്ട ജീവിതത്തിനിടയില്‍ സംഭവിച്ചു. 1791-92 കാലഘട്ടത്തില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി പണികഴിപ്പിച്ച ‘പ്ലാന്റേഷന്‍’ എന്ന ജോര്‍ജിയന്‍ മാളികയുടെ പുല്‍ത്തകിടിയാണ് ജോനാഥന്റെ ആവാസവ്യവസ്ഥ. ഭീമന്‍ ആമകളായ ഡേവിഡ്, എമ്മ, ഫ്രെഡ് എന്നിവയും ഒപ്പമുണ്ട്.

സീഷെല്‍സ് ദ്വീപ് സമൂഹത്തില്‍ സാധാരണയായി കാണപ്പെടുന്ന അല്‍ഡബ്രാഷെലിസ് സ്പീഷീസില്‍പ്പെട്ട ആമയാണ് ജൊനാഥന്‍ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ അടുത്ത കാലത്ത് നടത്തിയ പരിശോധനയിലാണ് വളരെ അപൂര്‍വമായ ഇനമാണെന്ന് കണ്ടെത്തിയത്. ഈ ഇനത്തില്‍ പെട്ട ആമകളുടെ ശരാശരി ആയുസ് 150 വയസാണെങ്കിലും ജോനാഥന്‍ 191-ാം വയസില്‍ വാര്‍ധക്യ സഹചമായ രോഗങ്ങളൊഴിച്ചാല്‍ ആരോഗ്യവാനാണ്.

Read Also : പഠനത്തിനായി അൾട്രാസൗണ്ട് ചെയ്തു; ഒടുവിൽ സ്വന്തം രോഗം കണ്ടെത്തി വിദ്യാർത്ഥിനി!

തിമിരം മുലം കാഴ്ച നഷ്ടമായ ജോനാഥന് ഗന്ധം നഷ്ടമാകുകയും പല്ലിന്റെ മൂര്‍ച്ച കുറയുകയും ചെയ്തു. എന്നാല്‍ മികച്ച ശ്രവണ ശക്തിയും വിശപ്പും ജോനാഥനുണ്ട്. അതുകൊണ്ടുതന്നെ ആന്തരിക അവയങ്ങളെല്ലാം നല്ല രീതിയില്‍ പ്രവൃത്തിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. പ്രായക്കൂടുതല്‍ കാരണം വിറ്റാമിനുകളും മറ്റു പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നല്‍കിവരുന്നു.

Story highlights : The World’s Oldest Living Land Animal