ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും അതിശയിപ്പിക്കുന്നു: മോഹന്‍ലാലിനെക്കുറിച്ച് ലക്ഷ്മി മഞ്ജു
അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് മോഹന്‍ലാല്‍. താരത്തെക്കുറിച്ച് നടി ലക്ഷ്മി മഞ്ജു കുറിച്ച വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിത്വമാണ് മോഹന്‍ലാലിന്റേത് എന്ന് ലക്ഷ്മി മഞ്ജു പറഞ്ഞു. മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. തെലുങ്ക് താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി മഞ്ജു.
‘ഓഫ്‌സ്‌ക്രീനിലും ഓണ്‍സ്‌ക്രീനിലും അത്ഭുതപ്പെടുത്തിയിട്ടുള്ള അപൂര്‍വം ചിലരില്‍ ഒരാളാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടുകാലമായി സിനിമയില്‍ സജീവമാണ് താരം. അദ്ദേഹത്തിന്റെ ജീവിതത്തിലെ എളിമയും അഭിനയത്തോടുള്ള അര്‍പ്പണ മനോഭാവവും പ്രശംസനീയമാണ്. രുചിയോട്, വസ്ത്രങ്ങളോട് അദ്ദേഹം കാണിക്കുന്ന പാഷന്‍, പാട്ടിലെ മാന്ത്രികത, തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍… ഇതെല്ലാം പ്രചോദനാത്മകമാണ്. മോഹന്‍ലാല്‍, നിങ്ങള്‍ നിങ്ങളായി തുടരുന്നതിന് നന്ദി, വഴികാട്ടിയാകുന്നതിനും കുടുംബസുഹൃത്താകുന്നതിനും നന്ദി’ ലക്ഷ്മി മഞ്ജു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റേതായി എറ്റവും പുതിയതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് സുകുമാരന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. മീന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ബ്രോ ഡാഡിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
Story highlights: Actress Lakshmi Manchu About Mohanlal