പുതിയ രൂപത്തിൽ ഫഹദ് ഫാസിൽ; പുഷ്പയിലെ ലുക്ക് ഏറ്റെടുത്ത് ആരാധകർ

August 28, 2021

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ഈ സിനിമയുടെ പുത്തൻ വിശേഷങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അല്ലു അർജുനൊപ്പം വില്ലനായി മലയാളി താരം ഫഹദ് ഫാസിൽ കൂടി എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധനേടുകയാണ് പുതിയ രൂപത്തിൽ എത്തുന്ന ഫഹദ് ഫാസിലിന്റെ പോസ്റ്റർ. മൊട്ടയടിച്ച തലയും ക്രൂരമുഖഭാവവുമായാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്.

അതേസമയം ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. രണ്ടു ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 250 കോടി ചിലവിൽ ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും എന്നാണ് കരുതുന്നത്. രണ്ടാം ഭാഗം 2022-ഓടെ ആയിരിക്കും പുറത്തിറങ്ങുക.

‘അല വൈകുണ്ഠപുരമുലോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അല്ലു അർജുൻ നായകനാകുന്ന ചിത്രമാണ് ‘പുഷ്പ’. ‘ആര്യ’, ‘ആര്യ-2’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് ദുരിതത്തിലായ സിനിമയിലെ ദിവസവേതന തൊഴിലാളികളെ സഹായിക്കാനായി ഈ സിനിമയുടെ അണിയറപ്രവർത്തകർ മുന്നോട്ട് വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: ഈ കാമറാമാൻ ആള് ചില്ലറക്കാരനല്ല, തത്ത പകർത്തിയ ദൃശ്യങ്ങൾ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ, വിഡിയോ

പീറ്റർ ഹെയ്ൻ ആണ് ചിത്രത്തില്‍ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌ഡ് ആണ് നിർമാണം. ‘രംഗസ്ഥല’മെന്ന സൂപ്പർഹിറ്റ് രാംചരൺ ചിത്രത്തിന് ശേഷം സുകുമാർ- മൈത്രി മൂവി മേക്കേഴ്‌സ് ഒന്നിക്കുന്ന ചിത്രമാണ് ‘പുഷ്പ’. തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

Story highlights: Fahadh faasils character look in pushpa