തലതിരിഞ്ഞ വീടും അതിനുള്ളിലെ ചില കൗതുകങ്ങളും
കൗതുകം നിറഞ്ഞ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ കാഴ്ചക്കാർ നിരവധിയാണ്…കാഴ്ചക്കാരിൽ ആവേശം നിറയ്ക്കുന്ന നിരവധി ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. അത്തരത്തിൽ സോഷ്യൽ ഇടങ്ങളിൽ ഹിറ്റാകുകയാണ് ഒരു തലതിരിഞ്ഞ വീട്. തലതിരിഞ്ഞ വീടെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്നുണ്ടെങ്കിൽ തായ്ലൻഡിലെ ഫുക്കറ്റ് ദ്വീപിലേക്ക് വരൂ.. ചില വിചിത്രമായ കാഴ്ചകളാണ് ഇവിടെത്തുന്നവരെ കാത്തിരിക്കുന്നത്.
ബാൻ ടീലങ്ക എന്ന് പേര് നൽകിയിരിക്കുന്ന വീടാണ് ഇതിൽ ഏറ്റവും കൗതുകം നിറയ്ക്കുന്ന കാഴ്ച. മറിഞ്ഞുകിടക്കുന്ന കളിവീടുപോലെ തലകുത്തനെയാണ് ഈ വീടിന്റെ ആകൃതി. പുറമെ നിന്ന് നോക്കുമ്പോൾ മാത്രമല്ല അകത്ത് കയറിയാലും നിരവധി സർപ്രൈസുകളാണ് ഇവിടെത്തുന്നവരെ കാത്തിരിക്കുന്നത്.
വീടിന് പുറത്തുനിന്ന് നോക്കുമ്പോൾ ഒരു കളിവീട് തലകുത്തനെ നിൽക്കുന്നത് പോലെയാണ് തോന്നുക. തറയിൽ മുട്ടിനിൽക്കുന്ന മേൽക്കൂരയാണ് ഈ നിർമിതിയിലെ പ്രധാന ആകർഷണം. ഈ മേൽക്കൂരയിലൂടെയാണ് വീടിനകത്തേക്ക് പ്രവേശിക്കുന്നത്. ഇനി വീടിന്റെ അകത്തെത്തിയാൽ കാത്തിരിക്കുന്നതും ആകർഷകമായ നിരവധി കൗതുകങ്ങളാണ്. ഇരുനിലകളിലായി ഒരുക്കിയിരിക്കുന്ന ഈ വീട്ടിലെ ഫർണിച്ചറുകളും കർട്ടനും അടക്കം എല്ലാം തലതിരിഞ്ഞതാണ്.
Read also:ഹിറ്റ്ലറിന്റെ അച്ഛന്റെ അനിയൻ പത്തനംതിട്ടക്കാരൻ; ചൈതന്യ പ്രകാശിനെ കുഴപ്പിച്ച് ഗുലുമാൽ അനൂപ്- വിഡിയോ
ഡൈനിങ് ടേബിൾ, സീലിംഗ് ഫാൻ, ടെലിവിഷൻ, അക്വേറിയം തുടങ്ങി ഈ വീട്ടിലെ സാധനങ്ങളെല്ലാം തലതിരിഞ്ഞാണ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഏരിയ, അടുക്കള, കിടപ്പ് മുറി എന്നിവയ്ക്ക് പുറമെ ബാത്റൂം വരെ തലതിരിച്ചാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീടിനകത്തേക്ക് കയറിയാൽ സ്വയം തലതിരിഞ്ഞതാണോ അതോ വീട്ടിലെ വസ്തുക്കൾ തലകുത്തനെ വച്ചിരിക്കുവാനോ ഇനി അതും അല്ലെങ്കിൽ ഈ വീടിന് വല്ല കുഴപ്പവുമുണ്ടോ എന്നുവരെ ചിന്തിച്ചുപോകും. അത്രമേൽ കൗതുകം നിറഞ്ഞതാണ് ഈ വീട്. ഇനി ഈ വീടിനെ നേരെ കാണണമെങ്കിൽ വീടിന്റെ ചിത്രം പകർത്തി തലതിരിച്ചുപിടിച്ച് നോക്കേണ്ടിയും വരും.
Story highlights: The Upside Down House of Phuket