‘കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാണ്’: ഫഹദിനെക്കുറിച്ച് ശിവകാര്‍ത്തികേയന്‍

October 11, 2021

ഒരു നോട്ടംകൊണ്ടുപോലും ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരമാണ് ഫഹദ് ഫാസില്‍. താരത്തിന്റെ അഭിനയമികവിനെക്കുറിച്ച് തമിഴ് താരം ശിവകാര്‍ത്തികേയന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നു. ഫഹദിന്റെ കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാണെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഡോക്ടര്‍ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലായിരുന്നു ശിവകാര്‍ത്തികേയന്‍ ഫഹദിനെക്കുറിച്ചും വാചാലനായത്.

ഫഹദ് ഫാസിലിന്റെ കൂടെ ഒരു സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹത്തെപ്പോലെ അഭിനയിക്കാന്‍ തനിക്ക് ഒരു നാലായിരം വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഫഹദിന്റെ ചെറിയ റിയാക്ഷന്‍ പോലും അതിഗംഭീരമാണ്. ഫഹദ് കൂട്ടുകാരനായി കൂടെയുണ്ടാകുന്നത് അഭിമാനമാണ്. മികച്ച പ്രതിഭയാണ് ഫഹദ് ഫാസില്‍ എന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

Read more: പെട്ടെന്ന് സുന്ദരിയാകാൻ ലക്ഷ്മി നക്ഷത്രയ്ക്ക് കൺമണിക്കുട്ടിയുടെ ടിപ്സ്- വിഡിയോ

ക്രിക്കറ്റ് താരം ആര്‍ അശ്വിനുമായിട്ടായിരുന്നു ശിവകാര്‍ത്തികേയന്റെ അഭിമുഖം. താനും ഫഹദ് ഫാസിലിന്റെ ആരാധകനാണെന്ന് ആര്‍ അശ്വിന്‍ പറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സ്, ട്രാന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം 2017-ല്‍ പ്രേക്ഷകരിലേക്കെത്തിയ വേലൈക്കാരന്‍ എന്ന ചിത്രത്തിലാണ് ഫഹദും ശിവകാര്‍ത്തികേയനും ഒരുമിച്ചെത്തിയത്.

Story highlights: Sivakarthikeyan about Fahadh Faasil