യൂട്യൂബിൽ ഒരുകോടിയിലധികം സബ്‌സ്‌ക്രൈബഴ്‌സുമായി വിജയത്തിളക്കത്തിൽ ഫ്‌ളവേഴ്‌സ് കോമഡി

December 27, 2021

മലയാളികളുടെ മാറിവരുന്ന ആസ്വാദന അഭിരുചികൾക്കൊപ്പം വളർന്ന ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. ജനപ്രിയ ഷോകളും പരമ്പരകളുമായി കഴിഞ്ഞ ഏഴുവർഷമായി ഫ്‌ളവേഴ്‌സ് മലയാളികളുടെ സ്വീകരണ മുറികളിൽ കാഴ്ചയുടെ നിറവസന്തം തീർക്കുകയാണ്. ഫ്‌ളവേഴ്‌സ് പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറ്റവുമധികം ലഭിക്കുന്നത് യൂട്യൂബ് ചാനലായ ഫ്‌ളവേഴ്‌സ് കോമഡിയിലൂടെയാണ്. ടെലിവിഷനിൽ കണ്ട് മതിയാവാത്ത പ്രിയപ്പെട്ട പരിപാടികൾ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്, ഫ്‌ളവേഴ്‌സ് കോമഡിയിലൂടെ. 2015ൽ ആരംഭിച്ച യൂട്യൂബ് ചാനൽ ഇപ്പോഴിതാ, ഒരുകോടി സബ്‌സ്‌ക്രൈബഴ്‌സുമായി വിജയത്തിളക്കത്തിലാണ്.

ആറുവർഷം കൊണ്ട് ഇത്രയും അഭിമാനകരമായ നേട്ടം ഫ്‌ളവേഴ്‌സ് കോമഡിക്ക് സമ്മാനിച്ചത് പ്രേക്ഷകരാണ്. കേരളത്തിലെ ഒരുകോടിയിലധികം ജനങ്ങളുടെ പിന്തുണയോടെ മലയാളത്തിന്റെ പ്രിയപ്പെട്ട എന്റർടൈൻമെന്റ് ബ്രാൻഡായി മാറി ചാനലെന്നപോലെ ഫ്‌ളവേഴ്‌സ് കോമഡി യൂട്യൂബ് ചാനലും. ടെലിവിഷനിലെ അതേ ദൃശ്യമികവോടെ ജനപ്രിയ പരിപാടികൾ ഫ്‌ളവേഴ്‌സ് കോമഡി ആസ്വാദകരിലേക്ക് എത്തിക്കുന്നു.

കോമഡി ഉത്സവം, സ്റ്റാർ മാജിക്, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, ഫ്‌ളവേഴ്‌സ് ഒരുകോടി എന്നീ പരിപാടികളാണ് ഫ്‌ളവേഴ്‌സ് കോമഡി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അതോടൊപ്പം തന്നെ നിരവധി ഹ്രസ്വ ചിത്രങ്ങളും സ്കെച്ചുകളും ചക്കപ്പഴം എന്ന രസകരമായ കുടുംബ പരമ്പരയും ഫ്‌ളവേഴ്‌സ് കോമഡിയിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം. ഫ്‌ളവേഴ്‌സ് ടി വിയുടെ നൂതനമായ വളർച്ച യൂട്യൂബ് പ്രേക്ഷകർക്കും ആസ്വാദനത്തിന്റെ മറ്റൊരു തലമാണ് സമ്മാനിച്ചത്.

കൊവിഡ് പിടിമുറുക്കി ലോകം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ലക്ഷക്കണക്കിന് ആളുകൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാനും പ്രതികൂല സാഹചര്യങ്ങളിൽ പോസിറ്റീവായി ഇരിക്കാനും ഫ്‌ളവേഴ്‌സ് കോമഡി വഴിയൊരുക്കി. ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേട്ടവുമായി മലയാളികൾക്ക് അഭിമാനമായ പുരുഷ ഹോക്കി ടീം അംഗം പി ആർ ശ്രീജേഷിന്റെ വാക്കുകൾ തന്നെ ഇതിനു ഉദാഹരണമാണ്. ഒളിമ്പിക്‌സിലെ സുപ്രധാന മത്സരത്തിന് മുമ്പ് സമ്മര്‍ദ്ദം അകറ്റാന്‍ ഫ്‌ളവേഴ്‌സ് കോമഡി ആണ് സഹായിച്ചത് എന്നാണ് അദ്ദേഹം സ്റ്റാർ മാജിക് ഷോയിൽ അതിഥിയായി എത്തിയപ്പോൾ പങ്കുവെച്ചത്.

Read Also: യൂട്യൂബിൽ മുപ്പത് ലക്ഷം സബ്‌സ്‌ക്രൈബഴ്‌സുമായി വിജയക്കുതിപ്പിൽ ട്വൻറിഫോർ

ടെലിവിഷനിൽ 12K വിസ്താര സമ്മാനിക്കുന്ന ദൃശ്യമികവ് ഫ്‌ളവേഴ്‌സ് കോമഡി യൂട്യൂബ് പ്രേക്ഷകർക്കും പുത്തൻ അനുഭവമായിരുന്നു. കുരുന്നു സർഗപ്രതിഭകളുടെ സംഗമ വേദിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, മിനിസ്ക്രീൻ താരങ്ങളുടെ ചിരി വിരുന്നായ സ്റ്റാർ മാജിക് എന്നീ ജനപ്രിയ ഷോകളിലൂടെ 12K വിസ്താരയുടെ മികവ് ഫ്‌ളവേഴ്‌സിന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. ടെലിവിഷനിലും ഡിജിറ്റൽ മീഡിയയിലും ഫ്‌ളവേഴ്‌സിന് പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഈ ഒരുകോടി തിളക്കം.

Story highlights- Flowers comedy with over one crore subscribers on YouTube