പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; സിബിഐ അഞ്ചാം ഭാഗത്തിൽ വിക്രമായി ജഗതി ശ്രീകുമാറും

December 13, 2021

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾ. അത്തരത്തിൽ ഏറെ പ്രേക്ഷക പ്രീതിനേടിയതാണ് സിബിഐ സീരീസ്. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനായുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ എന്ന കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നത് കാത്തിരുന്ന പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണ് ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തക്കുറിച്ച്…

സിബിഐ സീരീസിൽ വിക്രം എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു. എന്നാൽ വാഹനാപകടത്തെത്തുടർന്ന് സിനിമ മേഖലയിൽ നിന്നും വർഷങ്ങളായി വിട്ടുനിൽക്കുന്ന താരം ഈ ചിത്രത്തിൽ ഉണ്ടാകും എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിബിഐ യുടെ ഇൻവെസ്റ്റിഗേഷൻ ടീമിലുണ്ടായിരുന്ന ജഗതിയെ ഈ ചിത്രത്തിലും വേണമെന്ന് മമ്മൂട്ടി ആവശ്യപ്പട്ടുവെന്നും അതിനാൽ ജഗതിയുടെ വീട്ടിൽ വെച്ച് ജഗതിയെ ഉൾപ്പെടുത്തി ചെറിയൊരു ഭാഗം ചിത്രീകരിക്കുമെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

Read also; കേരളത്തനിമയിൽ നൃത്തച്ചുവടുകളുമായി ശോഭന; ചടുല നൃത്തത്തെ ഏറ്റെടുത്ത് ആരാധകർ

അതേസമയം അപകടത്തിന് ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുന്ന താരം അടുത്തിടെ ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു. 2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. അതേസമയം മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തെ വീണ്ടും വെള്ളിത്തിരയിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

Story highlights: jagathy Sreekumar to act in mammootty cbi-5