കേരളത്തനിമയിൽ നൃത്തച്ചുവടുകളുമായി ശോഭന; ചടുല നൃത്തത്തെ ഏറ്റെടുത്ത് ആരാധകർ

December 13, 2021

തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് ശോഭന. ഒരു കാലത്ത് സിനിമ മേഖലയിൽ തിളങ്ങിനിന്ന താരം പിന്നീട് വർഷങ്ങളോളം അഭിനയത്തിൽ നിന്നും വിട്ടുനിന്നു. പിന്നീട് ശക്തമായ കഥാപാത്രങ്ങളുമായി വെള്ളിത്തിരയിൽ ഇടയ്ക്കെല്ലാം പ്രത്യക്ഷപ്പെട്ട താരം സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ശോഭന പങ്കുവയ്ക്കുന്ന നൃത്ത വിഡിയോകൾക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ മലയാള തനിമയിൽ ചുവടുവയ്ക്കുന്ന ശോഭനയുടെയും കൂട്ടരുടെയും റീൽ വിഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.

‘മല്ലൂസ് വാക്കിങ് അറൗണ്ട് ഇൻ ശൃംഗാര ചെന്നൈ’ എന്ന അടിക്കുറുപ്പോടെയാണ് നൃത്ത വിഡിയോ ശോഭന പങ്കുവെച്ചിരിക്കുന്നത്. മലയാള തനിമയിലുള്ള വസ്ത്രങ്ങൾ ധരിച്ച് നൃത്തച്ചുവടുകളുമായി എത്തുന്ന താരത്തിനൊപ്പം ശ്രീവിദ്യ ശൈലേഷ്, ആശ എന്നിവരും എത്തുന്നുണ്ട്. വിശ്വേശ്വരൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ച വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

Read also: 21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്കൊരു വിശ്വസുന്ദരി പട്ടം; കിരീടം ചൂടി ഹർണാസ് സന്ധു

2016-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യ്ക്ക് ശേഷം ചലച്ചിത്ര ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു ശോഭന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ ശോഭനയ്ക്ക് മികച്ച വരവേല്‍പാണ് ചലച്ചിത്രലോകത്ത് ലഭിച്ചതും. ഈ സിനിമയിലെ താരത്തിന്റെ നൃത്തപ്രകടനവും ശ്രദ്ധേയമാണ്. ചിത്രത്തില്‍ ഒരു അമ്മ കഥാപാത്രമാണ് ശോഭനയുടേത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനൂപ് സത്യനാണ്. സുരേഷ് ഗോപിയും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.

Story highlights: Shobhana shares dance video