സൗബിൻ സാഹിറിന്റെ ആലാപനത്തിൽ ‘മ്യാവൂ’വിലെ ഗാനം

December 6, 2021

മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് സൗബിൻ സാഹിർ. താരത്തിനൊപ്പം മംമ്ത മോഹൻദാസ് കൂടി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മ്യാവൂ. ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 24 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ സിനിമ ആസ്വാദകരുടെ ശ്രദ്ധ കവരുകയാണ് ചിത്രത്തിലെ മറ്റൊരു ഗാനം. ജസ്റ്റിൻ വർഗീസ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സൗബിൻ സാഹിർ തന്നെയാണ് എന്നുള്ളതാണ് ഇതിന്റെ മുഖ്യ ആകർഷണം.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

സലീംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം ഒരു റഷ്യൻ നടിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും. ഇവർക്ക് പുറമെ പുതുമുഖതാരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് ചിത്രത്തിന്റെ നിര്‍മാണം. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Read also: ഇത് മനുഷ്യൻ നിർമിച്ചവയിൽ ഏറ്റവും പഴക്കമുള്ള അലങ്കാര വസ്തു; പഴക്കം 41,500 വർഷം, അമ്പരന്ന് ഗവേഷകർ

അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ലാൽ ജോസ് ചിത്രമാണ് മ്യാവൂ. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍.

Story highlights: Meow Movie Saubin Sahir song