മമ്മൂക്ക അഭിനയകലയിലെ പ്രിൻസിപ്പലെന്ന് അല്‍ഫോണ്‍സ് പുത്രൻ; ആരാധകന്റെ ചോദ്യത്തിനുള്ള മറുപടി

January 31, 2022

മലയാളത്തിലെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് അല്‍ഫോണ്‍സ് പുത്രൻ. തിയേറ്ററുകളെ ഇളക്കിമറിച്ച ‘പ്രേമം’, ‘നേരം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ അല്‍ഫോണ്‍സ് സമൂഹമാധ്യമങ്ങളിലും സജീവമാണ്. ആരാധകരുടെ മിക്ക കമന്റുകൾക്കും മറുപടി നല്കാൻ ശ്രമിക്കാറുള്ള അദ്ദേഹം നടൻ കമൽ ഹാസനുമായി ഫേസ്ബുക്കിൽ നടത്തിയ ഒരു സംഭാഷണം വളരെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കമൽ ഹാസൻ ചിത്രങ്ങളുടെ മേക്കിങ്ങിനെ പറ്റി ചോദ്യങ്ങൾ ഉന്നയിച്ച അൽഫോണ്‍സിന് നീണ്ട പോസ്റ്റുകളിലൂടെ കമൽ ഹാസൻ മറുപടിയും നൽകിയിരുന്നു. ഇപ്പോൾ നടൻ മമ്മൂക്കയുടെ അഭിനയത്തെ പറ്റി അല്‍ഫോണ്‍സ് നടത്തിയ ഒരു നിരീക്ഷണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

മമ്മൂക്ക അഭിനയത്തില്‍ നാല് പി.എച്ച്.ഡി നേടിയ പ്രിന്‍സിപ്പല്‍ ആണെന്നാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി കമന്റിൽ പറഞ്ഞത്. ഒരു അഭിനേതാവ് സിനിമയുടെ ടെക്‌നിക്കലായ കാര്യങ്ങൾ പഠിക്കുന്നത് എത്രത്തോളം സുപ്രധാനമാണ് എന്ന കാര്യത്തിൽ അല്‍ഫോണ്‍സ് ഇട്ട നീണ്ട ഫേസ്ബുക് പോസ്റ്റിലാണ് ആരാധകൻ മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി ചോദിച്ചത്. ഇതിനുള്ള മറുപടിയായാണ് മമ്മൂക്ക അഭിനയത്തിൽ നാല് പി.എച്ച്.ഡി നേടിയ പ്രിന്‍സിപ്പല്‍ ആണെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടത്.

Read More: മലയാളത്തെ സ്നേഹിക്കുന്ന വിദേശവനിത അപർണ മൾബറിയ്ക്ക് സാരി സമ്മാനിച്ച് ഫ്‌ളവേഴ്‌സ്

പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ‘ഗോള്‍ഡ്’ ആണ് അല്‍ഫോണ്‍സിന്‍റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷം അല്‍ഫോൺസ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോള്‍ഡ്’. ഫഹദ് ഫാസില്‍ നായകനാവുന്ന ‘പാട്ട്’ എന്ന ചിത്രമാണ് അൽഫോൺസ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ചിത്രീകരണമാരംഭിച്ചത് ‘ഗോള്‍ഡ്’ എന്ന ചിത്രമാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story Highlights: Alphonse Puthren praises Mammootty’s acting